സലിംകുമാർ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'രാഷ്ട്രീയം' തുറന്നു പറഞ്ഞ കലാകാരൻ;മാല്യങ്കരയിലെ പഴയ കെ.എസ്.യുക്കാരൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

'കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള, ജനങ്ങളെ മനസിലാക്കുന്ന ഒരു മുഖ്യമന്ത്രിയെ പറവൂര്‍ തന്നിരിക്കുന്നു...' മലയാളത്തിന്റെ അനശ്വരനടന്‍ സലിംകുമാര്‍ അവസാനമായി പങ്കെടുത്ത പരിപാടിയിലെ പ്രസംഗത്തില്‍നിന്നുള്ള പ്രധാനപ്പെട്ട വാചകമാണിത്. സമകാലിക കേരളത്തില്‍ ഈ വാചകത്തിനു വലിയ പ്രസക്തിയുണ്ട്. ജനങ്ങളെ 'തല്ലി'യോടിക്കുന്ന മുഖ്യമന്ത്രി ആയിരിക്കില്ല പറവൂരിന്റെ വി.ഡി. സതീശന്‍ എന്നും ജനങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഹൃദയമുള്ള നേതാവായിരിക്കും വിഡിഎസ് എന്നുമുള്ള ഒരു സാധാരണക്കാരന്റെ പ്രഖ്യാപനമായിരുന്നു അത്.

കനത്ത രോഗബാധയുടെ അവശതകള്‍ക്കിടയിലും, ഒരാള്‍ എന്തിനായിരിക്കും ഒരു രാഷ്ട്രീയ വേദിയിലേക്ക് ഓടിയെത്തിയത്? വോട്ടിനും സീറ്റിനുമപ്പുറം, ഹൃദയം കൊണ്ട് എഴുതിച്ചേര്‍ത്ത ചില സൗഹൃദങ്ങളും നെഞ്ചോടുചേര്‍ത്ത പ്രസ്ഥാനത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറുമുണ്ട് സലിമിന് എന്നു തെളിയിക്കുകയായിരുന്നു പറവൂരിലെ ആ വേദിയിലെ സാന്നിധ്യം. പറവൂര്‍ കണ്ട ഏറ്റവും ജനനിബിഡമായ ആ രാഷ്ട്രീയ സ്വീകരണവേദിയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ വരെയുണ്ടായിരുന്നുവെങ്കിലും സലിമിന്റെ വാക്കുകൾ പറവൂർ കേട്ടത് ആത്മാവു കൊണ്ടാണ്.

മുഖ്യമന്ത്രി വി.ഡി.സതീശന് പറവൂരിൽ നല്കിയ സ്വീകരണത്തിൽ സലിംകുമാർ സംസാരിക്കുന്നു

തന്റെ പ്രിയ സുഹൃത്ത് വി.ഡി. സതീശന്റെ മുഖ്യമന്ത്രിപദംവരെ എത്തിയ രാഷ്ട്രീയയാത്രയില്‍, ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ നിഴലായി കൂടെയുണ്ടായിരുന്ന ആളാണ് സലിംകുമാര്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ അലട്ടുമ്പോഴും, ശാരീരിക അവശതകള്‍ക്കിടയിലുമാണ് സലിംകുമാര്‍ പറവൂരിലെ സ്വീകരണ വേദിയിലേക്കെത്തിയത്.

സലിംകുമാർ കോൺ​ഗ്രസ് നേതാവായിരുന്ന പി.ടി.തോമസിനൊപ്പം

സ്റ്റേജിലേക്ക് നടന്നു കയറാന്‍ പോലും മറ്റുള്ളവരുടെ സഹായം തേടിയ ആ മനുഷ്യന്‍, മൈക്കിന് മുന്നിലേക്ക് എത്തിയപ്പോള്‍, പഴയ കെഎസ്‌യുക്കാരന്റെ വീര്യത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. ആ ശബ്ദത്തില്‍ ശാരീരികമായ തളര്‍ച്ചയുണ്ടായിരുന്നിരിക്കാം, പക്ഷേ നിലപാടുകളില്‍ ഒരു അണുവിട പോലും മാറ്റമുണ്ടായിരുന്നില്ല. പ്രസംഗത്തിലുടനീളം തന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ മൂര്‍ച്ചയേറിയ വിമര്‍ശനം തൊടുത്തുവിടാന്‍ സലിംകുമാര്‍ മടികാണിച്ചില്ല. 'ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പലരും എന്നെ ഭയപ്പെടുത്തി. പക്ഷേ, കോണ്‍ഗ്രസ് എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ്. ഒരു കലാകാരനാകുന്നതിനു മുമ്പേ ഞാന്‍ കോണ്‍ഗ്രസുകാരനാണ്'-സലിംകുമാര്‍ പറഞ്ഞു.

സലിംകുമാർ

വേദിയിലിരുന്ന വി.ഡി. സതീശനെ ചൂണ്ടി അദ്ദേഹം പറഞ്ഞ വാക്കുകള്‍ അണികളില്‍ ആവേശം വിതറി. തന്നെ വേട്ടയാടിയ സൈബര്‍ ആക്രമണങ്ങള്‍ക്കു പറവൂരിലെ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്ന് അദ്ദേഹം വിതുമ്പലോടെ ഓര്‍ത്തെടുത്തു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിട്ടെന്നോണം, രാഷ്ട്രീയ കേരളത്തിന് താന്‍ നല്‍കുന്ന അവസാന സന്ദേശമെന്ന രീതിയിലായിരുന്നു അന്നു നടത്തിയ പ്രസംഗത്തിലെ പല വാചകങ്ങളും.

സലിംകുമാറിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അന്തിമോപചാരം അർപ്പിക്കുന്നു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫിനായി സലിംകുമാര്‍ നടത്തിയ പ്രസംഗങ്ങള്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കു കാരണമായിരുന്നു. അദ്ദേഹം രോഗബാധിതനായി കിടന്നപ്പോള്‍ പോലും രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ക്രൂരമായ പരിഹാസങ്ങളുമായി രംഗത്തെത്തി. എന്നാല്‍, പറവൂരിലെ അവസാന പ്രസംഗത്തില്‍ അദ്ദേഹം ഇതിനെല്ലാം മറുപടി നല്‍കിയത് തന്റെ തനത് ശൈലിയിലുള്ള ചിരിയിലൂടെയും യുക്തിഭദ്രമായ വാക്കുകളിലൂടെയുമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കൊന്നും ഒരു രാഷ്ട്രീയക്കാരന്റെ നട്ടെല്ലിനെ വളയ്ക്കാനാകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.