'ചത്ത പച്ച' ക്യാരക്ടർ പോസ്റ്ററിൽ റോഷൻ മാത്യു അറേഞ്ച്ഡ്
Malayalam

സിനിമയിൽ 10 വർഷം പിന്നിട്ട് റോഷൻമാത്യു, ക്യാരക്ടർ പോസ്റ്ററിലൂടെ 'ചത്ത പച്ച'യുടെ ആദരം

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി 'ചത്ത പച്ച'യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ്. മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ശക്തമായ സാന്നിധ്യമായി ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന റോഷൻ മാത്യു, 'ചത്ത പച്ച: ദി റിങ് ഓഫ് റൗഡീസി'ൽ വെട്രി എന്ന കഥാപാത്രമായാണ് എത്തുന്നത്. റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റിൻ്റെ പാൻ-ഇന്ത്യൻ ചിത്രം 'ചത്ത പച്ച'യെക്കുറിച്ചുള്ള ചർച്ചകൾ പുതിയ ഉയരങ്ങളിൽ എത്തിനില്കുമ്പോഴാണ് അണിയറ പ്രവർത്തകർ റോഷൻ്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

എ.കെ.സാജൻ സംവിധാനം ചെയ്ത പുതിയ നിയമത്തിലൂടെയാണ് റോഷൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യസിനിമ കൊണ്ടുതന്നെ ശ്രദ്ധേയനായ ഈ നടൻ പിന്നീട് 'ആനന്ദം' എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ തിരക്കുള്ള നടനായി വളർന്നു. 'കൂടെ', കുരുതി' 'പാരഡൈസ്''കപ്പേള' എന്നീ സിനിമകളിലൂടെ നിരൂപക പ്രശംസ നേടിയ റോഷൻ വിവിധഭാഷകളിൽ അഭിനയമികവ് തെളിയിച്ചു. തമിഴിൽ വിക്രമിനൊപ്പം കോബ്രയിലും റോഷൻ വേഷമിട്ടു. ഹിന്ദിയിൽ അനുരാഗ് കശ്യപിൻ്റെ 'ചോക്ക്ഡ്', നെറ്റ്ഫ്ലിക്സിൻ്റെ 'ഡാർലിങ്സ്' എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച യുവ അഭിനേതാക്കളിൽ ഒരാളായി റോഷനെ അടയാളപ്പെടുത്തി. 'സി യു സൂൺ' പോലുള്ള ഒ.ടി.ടി. വിജയങ്ങളും റോഷനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടയാളാക്കി.

'ചത്ത പച്ച'യിൽ റോഷൻ മാത്യുവിന്റെ ക്യാരക്ടർ പോസ്റ്റർ

ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന 'ചത്ത പച്ച' നവാഗത സംവിധായകൻ അദ്വൈത് നായരാണ് സംവിധാനം ചെയ്യുന്നത്. കേരളത്തിലെ സ്ട്രീറ്റ് കൾച്ചറും റെസ്റ്റ്‌ലിങ് കൾച്ചറും സമന്വയിപ്പിച്ച കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന തീപ്പൊരി മലയാള സിനിമ എന്ന നിലയിൽ നിന്ന് 'ചത്ത പച്ച' ഇന്ന് ഇന്ത്യ മുഴുവൻ ചർച്ചാവിഷയമായി മാറിയ പ്രോജക്ട് എന്ന നിലയിലേക്കെത്തിയിരിക്കുന്നു.

ചിത്രത്തിൻ്റെ പവർ പാക്ക്ഡ് ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു. ഇപ്പോൾ പുറത്തുവന്ന റോഷൻ മാത്യുവിൻ്റെ പോസ്റ്റർ ആകട്ടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. റോഷന് പുറമേ അർജുൻ അശോകൻ, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്മാരായ ശങ്കർ–എഹ്സാൻ–ലോയ് മലയാളത്തിലെ തങ്ങളുടെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായിരിക്കും ചത്ത പച്ച.

പശ്ചാത്തല സംഗീതം ഒരുക്കുന്നത് മുജീബ് മജീദാണ്. അനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്, കലൈ കിംഗ്സൺ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. തിരക്കഥ- സനൂപ് തൈക്കൂടം, എഡിറ്റിങ്- പ്രവീൺ പ്രഭാകർ. വിനായക് ശശികുമാറാണ് ഗാനരചയിതാവ്.

ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെയറർ ഫിലിംസ്, പിവിആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ വിതരണ പങ്കാളികൾ ഒന്നിക്കുന്നതോടെ, 'ചത്ത പച്ച : ദി റിങ് ഓഫ് റൗഡീസ്' വരും വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ്. 2026 ജനുവരിയിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.