പ്രിയദർശനും സഞ്ജു സാംസണും ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Malayalam

സഞ്ജുവിനൊപ്പം നില്‍ക്കുന്നത് അഭിമാനനിമിഷം: പ്രിയദര്‍ശന്‍

പപ്പപ്പ ഡസ്‌ക്‌

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസകള്‍ കൊണ്ട് മൂടി പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. സഞ്ജുവിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആരാധന വ്യക്തമാക്കിയത്.

'ഒരു മലയാളി എന്ന നിലയിലും ക്രിക്കറ്റ് പ്രേമി എന്ന നിലയിലും സഞ്ജുവിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നതിൽ അഭിമാനിക്കുന്നു. ക്രിക്കറ്റ് ആരാധകനായ ഓരോ മലയാളിക്കും അഭിമാന നിമിഷം'- അദ്ദേഹം കുറിച്ചു. സാർ എന്ന വിളിക്കൊപ്പം തൊഴുകൈ ഇമോജിയായിരുന്നു ഇൻസ്റ്റ​ഗ്രാമിൽ ഇതിനുള്ള സഞ്ജുവിന്റെ മറുപടി. നടി കീർത്തിസുരേഷ് ഉൾപ്പെടെയുള്ളവർ പ്രിയദർശന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. സീസണില്‍ ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ നിന്നായി 53.75 ശരാശരിയില്‍ 430 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 169.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു മൂന്നു തവണ 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരവും സ്വന്തമാക്കി. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളില്‍ സഞ്ജുവിന്റെ ഫോം നിര്‍ണായകമാണ്.

ഐപിഎല്ലിന് മുന്‍പ് നടന്ന ഐസിസി ടി20 ലോകകപ്പിലും സഞ്ജു തിളങ്ങിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു. പഴയക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് പ്രിയദർശൻ. കൗമാരകാലത്ത് കളിക്കിടെ ക്രിക്കറ്റ്ബോൾ കൊണ്ടാണ് അദ്ദേഹത്തിന്റെ കണ്ണിന് പരിക്കേറ്റത്. സിസിഎല്ലിന്റെ ആദ്യകാലസീസണുകളിൽ കേരളസ്ട്രൈക്കേഴ്സിന് പിന്നിൽ പ്രിയനും ഭാര്യ ലിസിയുമായിരുന്നു.