ജനപ്രിയ ഹിറ്റുകളുടെ സംവിധായകന്‍ പ്രിയദര്‍ശന്റെ നൂറാമത് ചിത്രത്തിൽ നായകൻ മോഹൻലാൽ. പ്രിയദര്‍ശന്റെ ആദ്യ സിനിമയിലും നൂറാമതു ചിത്രത്തിലും മോഹന്‍ലാല്‍ തന്നെ നായകനാകുന്നു എന്നത് ചരിത്രം കുറിക്കുന്ന സംഭവമാണ്. ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകളാണ് മലയാളക്കരയില്‍ പിറന്നത്. പൂച്ചക്കൊരു മൂക്കുത്തിയില്‍ തുടങ്ങിയ ആ കൂട്ടുകെട്ട് സർവകാലഹിറ്റുകള്‍ വരെ സമ്മാനിച്ചു. കിലുക്കം, ചിത്രം, തേന്‍മാവിന്‍ കൊമ്പത്ത്, അദ്വൈതം, വെള്ളാനകളുടെ നാട്, വന്ദനം, അക്കരെ അക്കരെ അക്കരെ, കാലാപാനി, ബോയിങ് ബോയിങ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിന്നാരം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഒപ്പം തുടങ്ങി 45ലേറെ സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.
നേരത്തെ, അഭിമുഖത്തില്‍ ചിത്രത്തിന്റെ സൂചനകള്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തങ്ങളുടെ നൂറാം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍ തന്റെ ഫേസ്ബുക്ക് പേജില്‍.
മോഹന്‍ലാലിന്റെ കുറിപ്പ്:
'ചില നാഴികക്കല്ലുകള്‍ ഒരാളുടേതു മാത്രമാകില്ല. ആ യാത്രയെ തൊട്ടടുത്തുനിന്നു സാക്ഷ്യം വഹിച്ച എല്ലാവരുടേതുമാണ്. എന്റെ പ്രിയപ്പെട്ട പ്രിയന്‍ നൂറാമതു ചിത്രത്തിലേക്കു ചുവടുവയ്ക്കുമ്പോള്‍, അത് എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാന്‍ വാക്കുകളില്ല.
നൂറു സിനിമകള്‍ എന്നത് കേവലം ഒരു സംഖ്യയല്ല. സിനിമയെന്ന മാന്ത്രികലോകത്തോടുള്ള അചഞ്ചലമായ വിശ്വാസത്തോടെ, അടങ്ങാത്ത ആവേശത്തോടെ, ഒരായുസു മുഴുവന്‍ പറഞ്ഞുതീര്‍ത്ത കഥകളാണ്. ആ സമര്‍പ്പണത്തിന്റെ യാത്രയ്ക്ക് ഇത്രയും കാലം സാക്ഷിയാകാന്‍ കഴിഞ്ഞത് ഞാന്‍ വലിയൊരു ഭാഗ്യമായി കരുതുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ബിനു ജോര്‍ജ് അലക്‌സാണ്ടറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കേണ്ടവയല്ല, അവ നന്ദിയോടെ നെഞ്ചോടു ചേര്‍ത്ത് അനുഭവിക്കേണ്ടവയാണ്.
എന്റെ സുഹൃത്തേ, നീ ലോകത്തിനു നല്‍കിയ എല്ലാത്തിനും, നീ സൃഷ്ടിച്ച ഓരോ നിമിഷത്തിനും, ഇനിയും പറയാന്‍ കാത്തിരിക്കുന്ന നിന്റെ കഥകള്‍ക്കും എന്റെ ആശംസകള്‍...'
കുറിപ്പ് ആരാധകരും ചലച്ചിത്രലോകവും ആഘോഷമാക്കുകയാണ്. ഇതിനൊപ്പം പ്രിയനും ലാലും ആന്റണിയും ബിനു ജോർജും അണിനിരക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സംഗീതത്തിന്റെ അകമ്പടിയിലുള്ള ഫാമിലി എന്റർടെയ്നറാകും ചിത്രമന്ന് പ്രിയൻ പറയുമ്പോൾ ആക്ഷനും എന്നു കൂടി പൂരിപ്പിക്കുകയാണ് ലാൽ. ആക്ഷൻ ഉണ്ടെന്ന് ഉടൻ പ്രിയന്റെ ഉറപ്പ്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തന്നെയുണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ വീഡിയോയിൽ പറയുന്നു. നൂറാം ചിത്രത്തില്‍ ഈ ജനപ്രിയ ജോഡികള്‍ എന്തെല്ലാമാണ് ഒരുക്കിവച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ചലിച്ചിത്രാസ്വാദകര്‍.