'ഖലീഫ' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

കര്‍ണാടകയിലും തരംഗമാകാന്‍ പൃഥ്വിരാജിന്റെ 'ഖലീഫ'; വിതരണം സ്വന്തമാക്കി വികെ ഫിലിംസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. തിങ്ക് സ്റ്റുഡിയോസിന്റെ സഹകരണത്തോടെ പ്രമുഖ സിനിമാ വിതരണക്കാരായ വികെ ഫിലിംസാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ജിനു വി. എബ്രഹാം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ള മാമ്പറയ്ക്കല്‍ അമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വന്‍ തരംഗമായി മാറുകയാണ്. അധോലോകനായകനായ അമിര്‍ അലിയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.

'ഖലീഫ'യിൽ പൃഥ്വിരാജ്

ചിത്രത്തില്‍ മറ്റൊരു നിര്‍ണായക സാന്നിധ്യമായി മോഹന്‍ലാലും എത്തുന്നുണ്ട്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പ്ലാന്‍ ചെയ്തിരിക്കുന്ന വലിയൊരു കഥയുടെ ആദ്യ അധ്യായമാണ് 'ഖലീഫ' എന്നും, മോഹന്‍ലാലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതിലാണ് ആദ്യഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

'ഖലീഫ'യിൽ മാളവിക ശർമയുടെ ക്യാരക്ടർ പോസ്റ്റർ

തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക ശര്‍മയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ്. ഓണം റിലീസുകളോടൊപ്പം എത്തുന്ന 'ഖലീഫ' കര്‍ണാടകയിലും വന്‍ ബോക്‌സ് ഓഫീസ് തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.