'സന്തോഷ് ട്രോഫി' ടൈറ്റിൽ പോസ്റ്റർ,ജോമോൻ ജ്യോതിർ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'സന്തോഷ് ട്രോഫി'യില്‍നിന്ന് പൃഥ്വിരാജ് പിന്മാറി; പകരം ജോമോന്‍ ജ്യോതിര്‍ ടീമിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യാനിരുന്ന 'സന്തോഷ് ട്രോഫി' എന്ന ചിത്രത്തില്‍നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ട്. ഡേറ്റ് പ്രശ്‌നങ്ങളാണു പിന്മാറ്റത്തിനു പിന്നിലെന്നാണു സൂചന. പൃഥ്വിരാജിനു പകരം യുവതാരം ജോമോന്‍ ജ്യോതിര്‍ ചിത്രത്തില്‍ നായകനായേക്കുമെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള വിവരം. 'വാഴ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസും ജോമോനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാവും ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' എന്ന ചിത്രത്തിനു പിന്നാലെയാണ് ജോമോനെ തേടി 'സന്തോഷ് ട്രോഫി'യും എത്തുന്നത്. ലിജീഷ് കുമാര്‍ തിരക്കഥയൊരുക്കുന്ന 'പ്രേംപാറ്റ'യ്ക്ക് വേണ്ടി താരം നടത്തിയ കഠിനശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി മൂന്നു മാസം കൊണ്ട് 20 കിലോയോളമാണ് ജോമോന്‍ ശരീരഭാരം കുറച്ചത്. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ജോമോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

'പ്രേംപാറ്റ' ഫസ്റ്റ്ലുക്ക് പോസ്റ്റർ. മധ്യത്തിൽ ജോമോൻ ജ്യോതിർ

ഒരു എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് പ്രണയവും സൗഹൃദവും പറയുന്ന ചിത്രമാണ് 'പ്രേംപാറ്റ'. പുതുതലമുറയുടെ ആഘോഷങ്ങളും ജീവിതവും പകര്‍ത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും അണിനിരക്കുന്നുണ്ട്.