'സർവം മായ'യിൽ സാധ്യ എന്ന കഥാപാത്രമായി പ്രീതി മുകുന്ദനും ഡെലൂലു ആയി റിയ ഷിബുവും ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'സര്‍വം മായയില്‍ ഡെലൂലു ആകേണ്ടിയിരുന്നത് ഞാൻ': വെളിപ്പെടുത്തി പ്രീതി മുകുന്ദന്‍

പപ്പപ്പ ഡസ്‌ക്‌

ആഗോളതലത്തില്‍ 150 കോടിയിലധികം രൂപ കളക്ഷന്‍ നേടിയ സര്‍വം മായ, നിവിന്‍ പോളിയുടെയും മലയാള സിനിമയുടെയും മികച്ച തിരിച്ചുവരവായിരുന്നു. ഒരു ഗിറ്റാറിസ്റ്റ് ഉപജീവനത്തിനായി ബന്ധുവിനൊപ്പം ചേര്‍ന്ന് പൂജാരിയാകുന്നതും, തുടര്‍ന്ന് അയാളുടെ ജീവിതത്തിലേക്ക് 'ഡെലൂലു' എന്ന പ്രേതം കടന്നുവരുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രശസ്ത നിർമാതാവ് ഷിബു തമീൻസിന്റെ മകൾ റിയ ഷിബു ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്ത പ്രീതി മുകുന്ദന്‍ ഇപ്പോള്‍ സിനിമയെക്കുറിച്ച് പങ്കുവച്ച ചില വിവരങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രേതത്തിന്റെ കഥാപാത്രമായ 'ഡെലൂലു' ആയി ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയായിരുന്നു എന്ന് പ്രീതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമയുടെ ആദ്യഘട്ടത്തില്‍ കഥ തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പ്രീതി പറയുന്നു.

പ്രീതി മുകുന്ദനും റിയ ഷിബുവും

'ഞാനാണ് ആ വേഷം ചെയ്തിരുന്നതെങ്കില്‍ സിനിമ നിവിന്‍ ചേട്ടന്റെ കഥാപാത്രവും ഡെലൂലൂവും തമ്മിലുള്ള റൊമാന്റിക് കോമഡി ആയി മാറുമായിരുന്നു. എന്നാല്‍ ഒരു ജെന്‍-സി പെണ്‍കുട്ടിയും പ്രായമുള്ള ഒരാളും തമ്മിലുള്ള സൗഹൃദമായിരുന്നു ആ കഥയുടെ യഥാര്‍ഥ ഭംഗി. ആ ഫീല്‍ നഷ്ടപ്പെടാതിരിക്കാന്‍ പിന്നീടു മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.'-പ്രീതി പറഞ്ഞു.

'സർവം മായ'യിലെ ​ഗാനരം​ഗത്തിൽ പ്രീതി മുകുന്ദൻ

പിന്നീട് സംവിധായകന്‍ അഖില്‍ സത്യന്‍ തനിക്കായി 'സാധ്യ' എന്ന കഥാപാത്രം എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും, മികച്ചൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കൊണ്ട് താന്‍ അത് സന്തോഷത്തോടെ സ്വീകരിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.