നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'പ്രതിഛായ' എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജനും. ഉണ്ണികൃഷ്ണനുമായി കാൽനൂറ്റാണ്ടിലധികം നീണ്ട സൗഹൃദമുണ്ട് രണ്ടുപേർക്കും. ഷാജി കൈലാസിന്റെ ശിവം,ടൈഗർ എന്നീ സിനിമകൾ തിരക്കഥയെഴുതിയത് ഉണ്ണികൃഷ്ണനാണ്. ഫെഫ്കയുടെ നേതൃനിരയിൽ അദ്ദേഹത്തിനൊപ്പമുള്ളയാളാണ് എ.കെ.സാജൻ. അതുകൊണ്ടുതന്നെ ആത്മസുഹൃത്തിന്റെ സിനിമയെ അഭിനന്ദിച്ചെഴുതിയ കുറിപ്പിൽ അവരുടെ സൗഹൃദത്തിന്റെ ആഴവും കാണാനാകുന്നു.
മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ പ്രതിഛായ എന്നും മുന്നിൽ തന്നെയുണ്ടാകുമെന്നും, ഇത് സിനിമ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ കൂടിയാണെന്നും ഷാജി കൈലാസ് കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടിയോട് ഉണ്ണികൃഷ്ണന്റെ സർഗജീവിതത്തിനുള്ള സാദൃശ്യം വിവരിച്ചെഴുതിയ കുറിപ്പിൽ എ.കെ.സാജൻ പറയുന്നത് 'നിവിൻപോളിയെന്ന നായകനെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ അടുത്ത തലത്തിലേക്ക് ഉയർത്തിവയ്ക്കുകയാണ്,ഉണ്ണി' എന്നാണ്.
ഷാജി കൈലാസിന്റെ കുറിപ്പിന്റെ പൂർണരൂപം:
പ്രതിഛായ കണ്ടിറങ്ങിയപ്പോൾ ഞാൻ ഓർത്തുപോയത് വർഷങ്ങൾക്ക് മുമ്പ് കൈയിലൊരു ബാഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പർ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. എന്റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണൻ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തിൽ തെളിഞ്ഞു.
ഉണ്ണിയെ ആദ്യം ശ്രദ്ധിച്ചത് ജലമർമരം കണ്ടപ്പോഴാണ്. അതിന്റെ എഴുത്തുകാരൻ എന്റെ ഉള്ളിൽ ജലതരംഗങ്ങൾ തീർത്തതിന്റെ ആവേശത്തിൽ ടി.കെ.രാജീവ് കുമാറിനെ വിളിച്ച് നമ്പർ സംഘടിപ്പിച്ചു. എന്റെ വിളി ചെന്നപ്പോൾ ഉണ്ണി പറഞ്ഞു: 'ജലമർമരം കണ്ടിട്ട് എന്നെ വിളിക്കുന്ന ആദ്യ സിനിമാക്കാരനാണ് താങ്കൾ.' അവിടെ ഒരു സൗഹൃദം ഓളം വെട്ടിത്തുടങ്ങി. അങ്ങനെയാണ് ശിവത്തിന്റെ തിരക്കഥാകൃത്തായി ഉണ്ണിയെ ഞാൻ നിർദേശിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ ഒരു മെഡിക്കൽ റപ്രസന്റേറ്റീവിന്റെ ഛായയാണ് തോന്നിച്ചത്. പക്ഷേ അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു. എന്നും ഒരു മരുന്നിനുള്ള ബാക്കി അതിലുണ്ടാകുകയും ചെയ്തു. ശിവത്തിനു ശേഷം ടൈഗറിലൂടെ ഉണ്ണി എനിക്ക് എന്റെ വലിയ ഹിറ്റുകളിലൊന്നിന്റെ കൂടെ നിന്നു.
ഉണ്ണിയിൽ ഒരു സംഘാടകനും നേതാവുമുണ്ടെന്ന് അടുത്തറിഞ്ഞപ്പോൾ മനസ്സിലായി. അങ്ങനെ അദ്ദേഹത്തെ മാക്ടയിലേക്ക് കൈപിടിച്ചു നടത്തിച്ചുവെന്നത് വ്യക്തിപരമായ സന്തോഷങ്ങളിലൊന്നാണ്. അതിനുശേഷം ഉണ്ണി ഫെഫ്കയുടെ നേതൃനിരയിലേക്ക് വളർന്നപ്പോൾ നമ്മുടെ ഉണ്ണിയാണല്ലോ നമ്മുടെയെല്ലാം നേതാവ് എന്ന തോന്നലായിരുന്നു. മുന്നിലുള്ളത് ഏതുതരത്തിലുള്ള സദസ്സാണെങ്കിലും വാക്കുകൊണ്ടും വിചാരം കൊണ്ടും ഉണ്ണിക്ക് അതിനെ കീഴടക്കാനറിയാം.
പ്രേക്ഷകന്റെ മനസ്സറിയാനുള്ള സിദ്ധിയാണ് ഒരു സംവിധായകന് വേണ്ടത്. ഉണ്ണിക്ക് അത് ധാരാളമായുണ്ട്. അവരെ മനസ്സിലാക്കുക മാത്രമല്ല, എങ്ങനെയാണോ പ്രസംഗ വേദികളിലൂടെ അവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് അതുപോലെ തന്റെ സിനിമയിലേക്ക് ആകർഷിച്ചുകൊണ്ടുവരികയും ചെയ്യുന്നു ഉണ്ണി. അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രതിഛായ. അതിലെ ആൾക്കൂട്ടമുള്ള രംഗങ്ങൾ കണ്ടപ്പോൾ എന്റേതുപോലൊരു സിനിമ കാണുന്ന സന്തോഷത്തിന്റെ നിറവായിരുന്നു ഉള്ളിൽ. ഈ സിനിമ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെയുണ്ടാകും. ഇത് സിനിമ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ കൂടിയാണ്. അത് കണ്ടറിയുക തന്നെ വേണം
എ.കെ.സാജന്റെ കുറിപ്പിന്റെ പൂർണരൂപം:
ആലുവ ഗസ്റ്റ്ഹൗസിലെ കട്ടിലിൽ ഒന്ന് തലചായ്ക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ ചുറ്റും ഈച്ചയാർത്തുനിൽക്കുന്നതുപോലെ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തെക്കുറിച്ച് കേട്ടൊരു കഥയുണ്ട്. സിനിമയിൽ അത്തരമൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടുള്ളത് ബി.ഉണ്ണികൃഷ്ണന് ചുറ്റും മാത്രമാണ്. ഉമ്മൻചാണ്ടിക്കെന്നപോലെ ഉണ്ണിക്കും ആൾക്കൂട്ടമാണ് ആവേശവും ഊർജവും. വിളക്കുചെല്ലുന്നിടത്തെല്ലാം വെളിച്ചമെന്നുപറയുംപോലെ ഉമ്മൻചാണ്ടിയുള്ളിടത്തെല്ലാം ജനവുമുണ്ടായിരുന്നു എന്ന് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ എന്റെ സുഹൃത്തായ ഒരു പത്രപ്രവർത്തകൻ എഴുതിയത് ഓർമവരുന്നു. അതുപോലെ ഉണ്ണി ചെല്ലുന്നിടത്തെല്ലാം ഞാൻ കാണാറുന്നത് സിനിമാപ്രവർത്തകരെയാണ്.
താരങ്ങളല്ല, സിനിമാമേഖയിൽ പലവിധ തൊഴിലെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികൾ. അവരുടെ ജീവിതത്തിന്റെ വെളിച്ചമാണ് ഉണ്ണി. ഉണ്ണിയുടെ ഓരോ ദിനവും ഓരോ ജനസമ്പർക്കപരിപാടിയാണ്. കേരളത്തിലെ മാത്രമല്ല,രാജ്യത്താകമാനമുള്ള സിനിമാത്തൊഴിലാളികളുടെ പരിദേവനങ്ങൾക്ക് കാതോർക്കുന്നതിനിടെ ഈ മനുഷ്യന് എപ്പോഴാണ് എഴുതാനും സംവിധാനം ചെയ്യാനും സമയം കിട്ടാറുള്ളതെന്നോർത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർക്കുവേണ്ടി ചെലവിടുന്ന 24മണിക്കൂറുകൾക്കുശേഷം സ്വന്തം എഴുത്തിനും ആലോചനയ്ക്കും ഉണ്ണി എവിടുന്നാണ് അധികസമയം മോഷ്ടിച്ചെടുക്കുന്നത്!
എനിക്കൊക്കെ എഴുതാൻ ഏകാന്തത വേണം. പക്ഷേ ഉണ്ണി ഉമ്മൻചാണ്ടിയെപ്പോലെ ആൾക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് ഫെഫ്കയെ ഭരിക്കും,എഴുതും, സംവിധാനം ചെയ്യും. അങ്ങനെയുള്ള ഉണ്ണി ഉമ്മൻചാണ്ടിയുടെ നിഴൽവീണുകിടക്കുന്ന ഒരു സിനിമയൊരുക്കുന്നുവെന്ന് കേട്ടപ്പോൾ ഒട്ടും അതിശയം തോന്നിയില്ല. കാരണം ഉമ്മൻചാണ്ടിയോട് അത്രത്തോളം താദാത്മ്യപ്പെട്ടുനില്കുന്നുണ്ട് ഉണ്ണിയുടെ സർഗജീവിതം.
കാഫ്കയെയും കാമുവിനെയും ദെറീദയെയും സാർത്രിനെയും നിർദ്ധാരണം ചെയ്യുന്നതുപോലെതന്നെ സഗൗരവം ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയസമവാക്യത്തെ അഴിച്ചെടുക്കാനും ഉണ്ണിക്ക് സാധിക്കും. സിനിമയെയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും ഒരേപോലെ നിരീക്ഷിക്കാനും അപനിർമിക്കാനും സാധിക്കുന്നുവെന്നത് അയാളുടെ മറ്റൊരു മിടുക്ക്. കഴിഞ്ഞദിവസം 'പ്രതിഛായ' കണ്ടിരുന്നപ്പോൾ ഉള്ളിലുണ്ടായതും ഇതേവിചാരങ്ങൾ തന്നെ.
മലയാളത്തിൽ ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ എന്ന ഭൂമികയിലാണ് ഉണ്ണി ഈ സിനിമ പടുത്തുയർത്തിയിട്ടുള്ളത്. ഈ സിനിമയ്ക്കായി മൂന്നുപേരുകൾ ഉണ്ണിയുടെ മനസ്സിലുണ്ടായിരുന്നു. അതിൽ ഏത് തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് ഉണ്ണി അഭിപ്രായം ചോദിച്ചിരുന്നു. ഓരോ പേരിനെച്ചൊല്ലിയും ഞങ്ങൾ ഏറെ തർക്കിച്ചു. ഒടുവിൽ ഉണ്ണി തിരഞ്ഞെടുത്ത പേരുതന്നെ ഏറ്റവും അനുയോജ്യം എന്ന് സിനിമ അവസാനിച്ചപ്പോൾ തോന്നി.
രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കിനെ അതിസമർഥമായി 'പ്രതിക്കൂട്ടി'ലാക്കുകയാണ് ഉണ്ണി. സത്യത്തിൽ ഈ സിനിമയിലെ വില്ലനും പ്രതിയുമെല്ലാം 'പ്രതിച്ഛായ' തന്നെ. അത് എങ്ങനെയെന്നത് സിനിമ കണ്ടുതന്നെ അറിയുക. രാഷ്ട്രീയത്തെ വീക്ഷിക്കുകയും അതിൽനിന്ന് സിനിമയുടെ അടരുകൾ കണ്ടെത്തുകയും ചെയ്യുന്ന ഞങ്ങളുടെ തലമുറയുടെ പ്രതിനിധിയാണ് ഉണ്ണി എന്നതിൽ അഭിമാനിക്കുന്നു. പക്ഷേ അപ്പോഴും ജെൻസി നിഘണ്ടുവിലെ ഏറ്റവും പുതിയ വാക്കായ 'സ്കെയിൽ' എന്നതിനെ അതിന്റെ പൂർണ അർഥത്തിൽ അനുഭവിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു.
ബാലചന്ദ്രമേനോനിൽ തുടങ്ങി സബിത ആനന്ദ്, ഹരിശ്രീ അശോകൻ, വിഷ്ണു അഗസ്ത്യ തുടങ്ങി അഭിനേതാക്കളുടെ വലിയ നിരയിലൂടെ നീളുന്ന കാസ്റ്റിങ്ങിൽ ഉണ്ണിയുടെ കൗശലവും കൈയൊതുക്കവുമുണ്ട്. നിവിൻപോളിയെന്ന നായകനെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ അടുത്ത തലത്തിലേക്ക് ഉയർത്തിവയ്ക്കുകയാണ്,ഉണ്ണി. നിവിൻ മികവുറ്റരീതിയിൽ തന്നെ ആ കസേരയിലേക്ക് കടന്നിരിക്കുകയും ചെയ്യുന്നു. 'പ്രതിഛായ'യ്ക്ക് ശേഷമുള്ള നിവിന്റെ പ്രതിച്ഛായ ഒരു സൂപ്പർതാരത്തിന്റേതാകും എന്നതിൽ സംശയമില്ല.
'പ്രതിഛായ' തന്നതിന്, രാഷ്ട്രീയം ഏറ്റവും കൂടുതൽ തിളച്ചുനില്കുന്ന നാളുകളിൽ കേരളത്തിന് നോക്കാൻ ഒരു കണ്ണാടി സമ്മാനിച്ചതിന്, അതിൽതെളിയുന്ന പ്രതികളെയും ഛായകളെയും പ്രേക്ഷകന് കാട്ടിക്കൊടുത്തതിന്.. പ്രിയസുഹൃത്ത് ഉണ്ണിക്ക് ഒരിക്കൽക്കൂടി അഭിനന്ദനം,ആലിംഗനം...