

മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്റെ കരിയറിലെ ഏറ്റവും സവിശേഷമായ നിമിഷമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം രജനികാന്ത് നേരിട്ടെത്തി അനശ്വരയെ അഭിനന്ദിച്ച വാർത്ത ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനീകാന്ത് വാത്സല്യത്തോടെ അനശ്വരയെ ചേർത്തുപിടിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ ഇതിനോടകം വൈറലായി.
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് നിർമിച്ച്, അബിഷൻ ജീവിന്ത് നായകനായി അരങ്ങേറ്റം കുറിച്ച 'വിത്ത് ലവ്' എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിനിടെയായിരുന്നു വൈകാരിക നിമിഷങ്ങൾ. ചിത്രം കണ്ടതിനുശേഷം അനശ്വരയുടെ പ്രകടനത്തിൽ ആകൃഷ്ടനായ സ്റ്റൈൽ മന്നൻ അനശ്വരയെ അഭിനന്ദിക്കാൻ നേരിട്ടെത്തുകയായിരുന്നു. 'എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചത് ഇതായിരുന്നു; ഇത്രയും കാലം നീ എവിടെയായിരുന്നു? ആ വാക്കുകൾ കേട്ടപ്പോൾ എന്റെ സ്വപ്നങ്ങളെല്ലാം പൂർണതയിലെത്തിയതു പോലെ തോന്നി...' അനശ്വര സോഷ്യൽ മീഡിയയിൽ കുറിച്ചു.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തു ചുവടുറപ്പിച്ച അനശ്വരയ്ക്ക് തമിഴ് സിനിമയിൽ വലിയൊരു ബ്രേക്ക് നല്കുന്ന ചിത്രമായിരിക്കും 'വിത്ത് ലവ്'. ടൂറിസ്റ്റ് ഫാമിലി സംവിധായകൻ അബിഷൻ ജീവിന്ത് നായകനായി എത്തുന്ന ചിത്രം പ്രണയത്തിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ഫാൻ ഗേൾ മൊമെന്റ് എന്നാണ് അനശ്വര അസുലഭനിമിഷങ്ങളെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽനിന്നു തമിഴകത്തു ചുവടുറപ്പിക്കുന്ന അനശ്വരയ്ക്ക് തലൈവരുടെ വാക്കുകൾ വലിയ ഊർജവും അനുഗ്രഹവുമാകും.