നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം.
കൂടാതെ, മലയാളത്തിലെ യുവ സൂപ്പർ താരം ഉൾപ്പടെയുള്ള ചില പ്രമുഖ താരങ്ങൾ ശബ്ദസാന്നിധ്യവുമായി സിനിമയിൽ പ്രേക്ഷകർക്ക് സസ്പെൻസ് നൽകുന്നുണ്ട്. 'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഫാന്റസിയും സോഷ്യൽ സറ്റയറും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്.
ഒരു വർഷത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കും കൃത്യമായ അഭിനയ പരിശീലനത്തിനും ശേഷമാണ് ചിത്രം പൂർത്തിയാക്കിയത്. തനത് പാലക്കാടൻ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുടെ ഒരു വലിയ നിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗോവ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്കെ തുടങ്ങിയ രാജ്യത്തെ പ്രമുഖ ചലച്ചിത്ര മേളകളിൽ ഹൗസ് ഫുൾ ആയി പ്രീമിയർ ചെയ്ത ചിത്രത്തിന് സിനിമാ പ്രേമികളിൽ നിന്ന് ലഭിച്ചത് നിറഞ്ഞ കരഘോഷമായിരുന്നു. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ അഭിനേതാക്കൾ.
'ഡാ തടിയാ', 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', 'ആർക്കറിയാം', 'ന്നാ താൻ കേസ് കൊട്' തുടങ്ങി പതിനഞ്ചോളം ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.
അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്. ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിങ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും ലിജു പ്രഭാകർ കളറിങ്ങും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.