മോഹൻലാൽ പേട്രിയറ്റ് ഡബ്ബിങ് പൂർത്തിയാക്കിയവിവരം പ്രഖ്യാപിച്ച് പുറത്തിറക്കിയ വീഡിയോയിൽനിന്ന് സ്ക്രീൻ​ഗ്രാബ്
Malayalam

'പേട്രിയറ്റ്' ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; റിലീസ് ഏപ്രിൽ 23 ന്

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ മഹാസംഭവമായി ഒരുങ്ങുന്ന 'പേട്രിയറ്റി'ലെ തൻ്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോ പങ്ക് വെച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി എത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മാത്രമല്ല, മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

'പേട്രിയറ്റി'ൽ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ

ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ഈ ചിത്രത്തിൽ രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.

മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ 'പേട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർമാർ - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, വരികൾ - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.