'പേട്രിയറ്റി'ൽ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'തന്മാത്രയിലെയും താളവട്ടത്തിലെയും പോലെയല്ല'; പേട്രിയറ്റ് കഥാപാത്രക്കുറിച്ച് മോഹൻലാൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ച 'പേട്രിയറ്റ്' ബോക്‌സോഫീസില്‍ റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥിവേഷം തിയറ്ററുകളില്‍ വലിയ ആവേശം സൃഷ്ടിച്ചെങ്കിലും, കഥാപാത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകളില്‍ വ്യക്തത വരുത്തിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

താളവട്ടം, ചിത്രം, തന്മാത്ര തുടങ്ങിയ സിനിമകളില്‍ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മരണം പ്രേക്ഷകര്‍ക്കു വലിയ ആഘാതമായിരുന്നു. എന്നാല്‍ പേട്രിയറ്റിലെ കഥാപാത്രം എന്തുകൊണ്ട് ആ രീതിയില്‍ പ്രേക്ഷകരുമായി സംവദിച്ചില്ല എന്നായിരുന്നു ദൃശ്യം 3 റിലീസിന് മുന്നോടിയായുള്ള അഭിമുഖങ്ങളിലൊന്നിലുയർന്ന ചോദ്യം.

'പേട്രിയറ്റ്' പോസ്റ്ററിൽ മോ​ഹൻലാൽ

'താളവട്ട'ത്തിലും 'തന്മാത്ര'യിലും ആ കഥാപാത്രങ്ങളുടെ വൈകാരികമായ വളര്‍ച്ചയും ജീവിതവും പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ വേര്‍പാട് കാണികളെ വല്ലാതെ വേദനിപ്പിച്ചുവെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. എന്നാല്‍ പേട്രിയറ്റില്‍ തന്റേത് വളരെ ചെറിയൊരു വേഷമായിരുന്നുവെന്നും, ആ കഥാപാത്രം എന്തിനു മരിച്ചു എന്നതിനെക്കുറിച്ചു കൂടുതല്‍ വിശദീകരണങ്ങള്‍ സിനിമയില്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇമോഷണല്‍ കണക്ടിന്റെ അഭാവമാകാം ഇതിനു കാരണമെന്നാണു മോഹൻലാലിന്റെ നിരീക്ഷണം. കേണൽ റഹീം നായ്ക് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം 'പേട്രിയറ്റി'ൽ അവതരിപ്പിച്ചത്.

പേട്രിയറ്റ് ടീസറിൽ മോഹൻലാൽ

തിയേറ്ററുകളില്‍ മോഹന്‍ലാല്‍ വരുന്ന ഭാഗങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണു ലഭിക്കുന്നത്. ആഗോളതലത്തില്‍ ആദ്യ ദിനം 29.37 കോടി നേടി മലയാള സിനിമയിലെ രണ്ടാമത്തെ വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് മാത്രം 8.5 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. വരും ദിവസങ്ങളിലും ബോക്‌സോഫീസില്‍ ചിത്രം പുതിയ ചരിത്രം കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.