'പണി2' അനൗൺസ്മെന്റ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ജോജുവിന്റെ 'പണി 2'ലോഡിങ്; സിനിമയിൽ നൂറോളം പുതുമുഖ താരങ്ങൾ

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിൽ ഏറെ പ്രശംസ നേടിയ 'പണി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ഉറപ്പിച്ച് അണിയറ പ്രവർത്തകർ. വിഷുദിനത്തിൽ പ്രത്യേകപോസ്റ്ററിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. നടൻ എന്ന നിലയിൽ പ്രതിഭയറിയിച്ച ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്ന 'പണി'ക്ക് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇതിനെക്കുറിച്ചുള്ള വാർത്തകൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ സിനിമ വരുന്നുണ്ട് എന്ന് ഇപ്പോൾ അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുകയാണ്.

2018, രേഖാചിത്രം, ആട് 3, എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് 'പണി 2'. ജോജുജോർജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോൾ മലയാള സിനിമയ്ക്ക് അടുത്ത ഒരു ഹിറ്റ്‌ ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകലോകം പറയുന്നത്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുന്നുണ്ട്. 'പണി'യിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.