മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. മലയാളസിനിമയെ മതിലുകൾക്കപ്പുറത്തെത്തിച്ച മഹാപ്രതിഭകൾ ഒരുമിക്കുന്ന സിനിമയുടെ പേര് 'പദയാത്ര'. ചിത്രത്തിന്റെ പൂജയും ശീർഷക പ്രഖ്യാപനവും വെള്ളിയാഴ്ച രാവിലെ 10.30ന് കൊച്ചിയിൽ നടന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യം നയൻതാരയെയായിരുന്നു ഈ റോളിലേക്ക് നിശ്ചയിച്ചിരുന്നു. പക്ഷേ ഡേറ്റ് പ്രശ്നങ്ങൾ മൂലം നയൻതാര ഒഴിവായപ്പോഴാണ് ഗ്രേസ് പകരക്കാരിയായി എത്തിയത്. റോഷാക്കിൽ മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം ഗ്രേസ് ആന്റണിയുടെ ആദ്യസിനിമയാകും അടൂരിനും മമ്മൂട്ടിക്കുമൊപ്പമുള്ളത്.കൊച്ചിക്കു പുറമേ പൂയംകുട്ടി,വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. അടൂർ ഗോപാലകൃഷ്ണനും കെ.വി മോഹൻകുമാറും ചേർന്നാണ് 'പദയാത്ര'യ്ക്ക് കഥ, തിരക്കഥ, സംഭാഷണം രചിക്കുന്നത്. ഭ്രമയുഗം,ഭൂതകാലം,ഡയസ് ഈറെ തുടങ്ങിയവ പകർത്തിയ ഷഹനാദ് ജലാലാണ് ഛായാഗ്രാഹകൻ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക.
മുഖ്യ സംവിധാനസഹായി- മീരസാഹിബ്, നിർമാണ സഹകരണം- ജോർജ് സെബാസ്റ്റ്യൻ, ചിത്രസംയോജനം- പ്രവീൺ പ്രഭാകർ, കലാ സംവിധാനം- ഷാജി നടുവിൽ, സംഗീത സംവിധാനം- മുജീബ് മജീദ്, നിർമാണ മേൽനോട്ടം- സുനിൽ സിങ്, നിർമാണ നിയന്ത്രണം- ബിനു മണമ്പൂർ, ചമയം- ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- എസ്.ബി- സതീശൻ ശബ്ദ മിശ്രണം-കിഷൻ മോഹൻ (സപ്താ റെക്കോർഡ്സ്) നിശ്ചലഛായാഗ്രഹണം- നവീൻ മുരളി പരസ്യപ്രചാരണം- വിഷ്ണു സുഗതൻ, പരസ്യകല- ആഷിഫ് സലീം
1987-ൽ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം 'മതിലുകൾ','വിധേയൻ' എന്നീ ചലച്ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്തു. 'മതിലുകളി'ൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'വിധേയനി'ൽ ഭാസ്കരപട്ടേലർ എന്ന ജന്മിയുടെയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിക്ക്. 1989-ൽ 'മതിലുകളി'ലൂടെയും 1994-ൽ 'വിധേയനി'ലൂടെയും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. 'വിധേയന്' അദ്ദേഹത്തിന് സംസ്ഥാന അവാർഡും ലഭിച്ചു.
2016-ൽ ദിലീപ്,കാവ്യാമാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയ 'പിന്നെയും' ആണ് അടൂർ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ഒരു ദശാബ്ദത്തിനുശേഷം സംവിധാനരംഗത്തേക്കുള്ള അടൂരിന്റെ മടങ്ങിവരവ് കൂടിയാണ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ. 84-ാംവയസ്സിലാണ് അടൂർ തന്റെ ഏറ്റവും പ്രിയപ്പെട്ട നായകനൊപ്പം വീണ്ടും സംവിധായകവേഷം അണിയുന്നത്. ഇത്തവണ മലയാളസിനിമയിലെ യുവപ്രതിഭകളാണ് അദ്ദേഹത്തിനൊപ്പം അണിയറയിൽ.
32വർഷത്തിനുശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന വാർത്ത നവംബറിൽ 'പപ്പപ്പ ഡോട് കോമാ'ണ് എക്സ്ക്ലൂസീവായി പുറത്തുവിട്ടത്. തുടർന്ന് അത് സിനിമാലോകത്ത് വലിയ ചർച്ചാവിഷയമായി മാറുകയും ടിവിചാനലുകളിൽ ഉൾപ്പെടെ പ്രധാനവാർത്തയായി നിറയുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് 23ന് തുടങ്ങും എന്ന വാർത്തയും നയൻതാരയ്ക്കുപകരം ഗ്രേസ് ആന്റണി നായികയായും എന്ന വാർത്തയും പപ്പപ്പയാണ് ആദ്യം പുറത്തുവിട്ടത്.