രാജ്യത്തെ വിവിധഭാഷകളിലെ സിനിമകളുടെ ലാഭനഷ്ടങ്ങള്‍ വിലയിരുത്തുന്ന ഓര്‍മാക്‌സ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റിൽ പ്രാദേശിക സിനിമകൾക്ക് വൻനേട്ടം. ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ 'ലോക:ചാപ്റ്റർ 1ചന്ദ്ര'ഉൾപ്പെടെ മൂന്നു മലയാളചിത്രങ്ങളുണ്ട്. സ്റ്റൈൽ മന്നൻ രജനികാന്തിന്‍റെ 'കൂലി'യാണ് ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ഋത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും കേന്ദ്രകഥാപാത്രങ്ങളായ വാർ 2-ആണ് രണ്ടാം സ്ഥാനത്തുള്ളത്. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായ 'ലോക:യാണ് മൂന്നാം സ്ഥാനത്ത്. 'ഹൃദയപൂർവ്വം','സുമതി വളവ്' എന്നിവയാണ് പട്ടികയിലുള്ള മറ്റ് മലയാളസിനിമകൾ. ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിന് മികച്ച മാസമായി മാറി ഓഗസ്റ്റ്. 1,136 കോടിരൂപ ആകെ കളക്ഷൻ നേടിയെന്നാണ് ഓർമാക്സ് റിപ്പോർട്ട് പറയുന്നത്.
ഈ വർഷം ഇതുവരെ എല്ലായിടങ്ങളിൽനിന്നുമായി ആകെ ബോക്സ് ഓഫീസ് വരുമാനം 8,370 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 21 ശതമാനം കൂടുതലാണിത്. 325 കോടി രൂപ കളക്ഷൻ നേടിയാണ് കൂലി' ഓഗസ്റ്റിൽ ഒന്നാമനായത്. തൊട്ടുപിന്നാലെ 'വാർ 2' ആണ്(283 കോടി). മൂന്നാംസ്ഥാനത്തുള്ള 'ലോക:'യുടെ കളക്ഷനായി രേഖപ്പെടുത്തിയിട്ടുള്ളത് 184 കോടിയാണ്. സെപ്റ്റംബർ റിപ്പോർട്ടിൽ 'ലോക:' പട്ടികയിൽ സ്ഥാനം ഉയർത്താൻ സാധ്യതയുണ്ട്.
'ഹൃദയപൂർവ്വം' 48 കോടി രൂപയുമായി ആറാമതാണ്. എട്ടാംസ്ഥാനത്തുള്ള 'സുമതിവളവി'ന്റെ കളക്ഷൻ 20 കോടിയാണ്. ഗുജറാത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ ടോപ് ടെന്നിൽ ഇടംനേടി. മൊത്തം ബോക്സ് ഓഫീസ് വരുമാനത്തിന്‍റെ 70 ശതമാനവും പ്രാദേശിക ചിത്രങ്ങളുടേതാണ്.
ആദ്യപത്തിലുള്ള മറ്റ് ചിത്രങ്ങളും കളക്ഷനും
പരംസുന്ദരി-60 കോടി
സൺ ഓഫ് സർദാർ2- 56 കോടി
ധടക്2 -28 കോടി
വാഷ് ലെവൽ2-16 കോടി
ബച്ചു നി ബെൻപാനി-15 കോടി
ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 'കൂലി' 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറി. ഹിന്ദി ചിത്രങ്ങളായ 'ചാവ' (693 കോടി), 'സയാര' (396 കോടി) എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തുള്ള ബഹുഭാഷാ ആനിമേറ്റഡ് ചിത്രമായ 'മഹാവതാർ നരംസിംഹ' 301 കോടി കരസ്ഥമാക്കി. 184 കോടിയുമായി 'ലോക:' പത്താംസ്ഥാനത്തുണ്ട്. 'വാർ -2'(283 കോടി), 'സംക്രാന്തികി വാസ്തുനാം' (222 കോടി), 'സിതാരേ സമീൻ പർ' (201) കോടി, 'ഹൗസ്ഫുൾ -5'(200 കോടി), 'റെയ്ഡ്- 2'(199 കോടി) എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ചലച്ചിത്രവ്യവസായത്തിലെ കളക്ഷൻ വിഹിതത്തിൽ ബോളിവുഡ് തന്നെ ഒന്നാമനായി തുടരുന്നു. 40 ശതമാനത്തോളം കളക്ഷൻ ബോളിവുഡ് ചിത്രങ്ങളുടേതാണ്. 'ലോക', 'ഹൃദയപൂർവം' എന്നീ ചിത്രങ്ങളുടെ കരുത്തിൽ 10 ശതമാനം കളക്ഷൻ വിഹിതം മലയാളം നേടി. ഇതോടെ ജനുവരി-ജൂലായ് കാലയളവിലെ എട്ടുശതമാനത്തിൽ നിന്ന് രണ്ടുശതമാനം വളർച്ച മലയാളം രേഖപ്പെടുത്തി. മലയാളസിനിമ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 2024-ലെ നിലയിലേക്ക് എത്തുകയും ചെയ്തു.