'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'കോടതി ഓൺ ഡ്യൂട്ടി'; 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമാതാക്കൾക്കെതിരേ കേസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്കെതിരെ നിയമനടപടി. സിനിമയില്‍ തന്റെ സ്വകാര്യഫോണ്‍ നമ്പര്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി. തിയേറ്ററുകളിലും നെറ്റ്ഫ്ലിക്‌സിലും ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരന്തരം അനാവശ്യ കോളുകളും ശല്യപ്പെടുത്തലുകളും നേരിടേണ്ടി വന്നതായി പരാതിക്കാരന്‍ ആരോപിച്ചു.

എറണാകുളത്ത് താമസിക്കുന്ന ഐടി പ്രൊഫഷണലായ അക്ഷയ് പ്രകാശാണ് പരാതി നല്‍കിയത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ തന്റെ നമ്പര്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ട്, സഹനിര്‍മാതാക്കളായ സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ക്കൊപ്പം നെറ്റ്ഫ്ലിക്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, മെറ്റ, വാട്ട്‌സ്ആപ്പ് തുടങ്ങിയ കമ്പനികളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'പോസ്റ്റർ

സിനിമയിലെ ക്ലൈമാക്‌സ് രംഗത്ത് ഡോക്ടറായി അഭിനയിച്ച കഥാപാത്രത്തെ ബന്ധപ്പെടാനുള്ള നമ്പറായാണ് തന്റെ മൊബൈല്‍ നമ്പര്‍ കാണിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. തിയേറ്റര്‍ റിലീസിനും തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സിലെ സ്ട്രീമിങ്ങിനും പിന്നാലെ രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി കോളുകളും സന്ദേശങ്ങളും വന്നുതുടങ്ങിയതോടെ വലിയ ബുദ്ധിമുട്ടും മാനസിക പ്രയാസവുമാണ് നേരിട്ടത്. ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, പാന്‍ കാര്‍ഡ്, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവയുമായി നമ്പര്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ നമ്പര്‍ ഉപേക്ഷിക്കുന്നത് പ്രയാസമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'പോസ്റ്റർ

തന്റെ മൊബൈല്‍ നമ്പര്‍ അനധികൃതമായി ഉപയോഗിച്ചത് 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഐടി ആക്ട് പ്രകാരം വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, ആള്‍മാറാട്ടം, വഞ്ചന കൂടാതെ 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ തുടങ്ങിയവയുടെ ലംഘനമാണിതെന്നും പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നെങ്കിലും, സിനിമയുടെ നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' നിർമാതാക്കളും അണിയറപ്രവർത്തകരും അഭിനേതാക്കളും

പരാതിയില്‍ എറണാകുളത്തെ വിചാരണ കോടതി നേരത്തെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും, തുടര്‍ന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ പരാതി ശരിയായ രീതിയില്‍ പരിഹരിക്കാന്‍ ആ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.