അയൽപക്കത്തെ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള പ്രണയം മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ട കാഴ്ചകളിലൊന്നാണ്. അടുത്തടുത്ത വീടുകളിൽ തളിർക്കുന്ന പ്രേമത്തിന്റെ കാഴ്ചകൾ ഒരിക്കൽക്കൂടി സമ്മാനിക്കുകയാണ് നിവിൻപോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ചിത്രത്തിന്റെ ട്രെയിലറിൽ നിറയുന്നതും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇത്തരം മനോഹരദൃശ്യങ്ങൾ തന്നെ. ഓണം റിലീസായി ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററുകളിലെത്തും.
മുരടൻ സ്വഭാവമുള്ള ചെറുപ്പക്കാരനാണ് നിവിൻ എന്നാണ് ട്രെയിലറിൽ നിന്ന് കിട്ടുന്ന സൂചന. അയൽവീട്ടിലെ പെൺകുട്ടിയാണ് മമിതയുടെ ആഷ്ലിൻ. ഇവർക്കിടയിലെ പ്രണയമാണ് ചിത്രത്തിന്റെ കാതൽ. 'കൺഗ്രാറ്റ്സ്...വെടിവച്ചാൽ പൊട്ടാത്ത കരിമ്പാറയെ നീ കുലുക്കി...'എന്ന് സ്രിന്ദയുടെ കഥാപാത്രം മമിതയോട് പറയുന്ന ഡയലോഗിലുണ്ട് 'ബത്‍ലഹേമി 'ലെ പ്രണയരസതന്ത്രം. ഒറ്റദിവസം കൊണ്ട് മൂന്നുമില്യണിലധികം പേരാണ് ട്രെയിലർ കണ്ടത്. യൂട്യൂബിൽ മൂവീസ് ട്രെൻഡിങ് ചാർട്ടിൽ മൂന്നാമത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. 'പ്രേമലു'വിനുശേഷം ഗിരീഷ് എ.ഡി.യും കിരണ്‍ ജോസിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകള്‍ക്കു ശേഷം മമിത ബൈജുവും ഗിരീഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'.
സംഗീത് പ്രതാപ്, ബിന്ദു പണിക്കര്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, സ്രിന്ദ, റോഷന്‍ ഷാനവാസ്, ഷമീര്‍ ഖാന്‍, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി.