നടിയും നർത്തകിയുമായ നവ്യ നായരുടെ നേതൃത്വത്തിലുള്ള മാതംഗി ഫെസ്റ്റിവൽ- 2026 ഒക്ടോബർ രണ്ടുമുതൽ ആറുവരെ കൊച്ചി ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ഇന്ത്യയിലെ പ്രശസ്തരായ നർത്തകർ അണിനിരക്കുന്ന ഈ വർഷത്തെ നൃത്തോത്സവത്തിന്റെ പ്രത്യേകത 'പരമ്പര ദ് നെക്സ്റ്റ് ജനറേഷൻ' എന്ന ആശയമാണ്.
ഒക്ടോബർ രണ്ടിന് വൈകീട്ട് ഏഴുമണിക്ക് നവ്യ നായരുടെ ഭരതനാട്യത്തോടെ നൃത്തോത്സവത്തിന് തുടക്കമാകും. വൈകിട്ട് 8. 30 വരെയാണ് പരിപാടി. ഒക്ടോബർ മൂന്നിന് വൈകീട്ട് ആറു മുതൽ ഏഴുവരെ പ്രഗ്ന്യ താമിറെ അവതരിപ്പിക്കുന്ന കുച്ചിപ്പുടി. ഏഴു മുതൽ 8.30 വരെ സുജാത മൊഹോപത്രയുടെ ഒഡീസി. ഒക്ടോബർ നാലിന് ആറു മുതൽ ഏഴുവരെ ജംഷീന ജമാലിന്റെ മോഹിനിയാട്ടം. ഏഴു മുതൽ 8.30 വരെ ശ്രീകാന്തും അശ്വതി ശ്രീകാന്തും അവതരിപ്പിക്കുന്ന ഭരതനാട്യം.
ഒക്ടോബർ അഞ്ചിന് ആറു മുതൽ ഏഴു വരെ അപൂർവ്വ ജയരാമന്റെ ഭരതനാട്യം. ഏഴു മുതൽ 8.30വരെ വരെ പ്രിയദർശിനി ഗോവിന്ദ് അവതരിപ്പിക്കുന്ന ഭരതനാട്യം. സമാപനദിവസമായ ഒക്ടോബർ ആറിന് വൈകിട്ട് ഏഴു മുതൽ 8.30 വരെ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഭരതനാട്യം.
നവ്യയുടെ നൃത്തവിദ്യാലയമായ 'മാതംഗി ബൈ നവ്യ' എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിന്റെ സഹകരണത്തോടെയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.