

ഒരു ചിരി എങ്ങനെയാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. അമ്മയുടെ ഒരു വീഡിയോ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവച്ചപ്പോൾ ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പക്ഷേ അതിനുകീഴേ വന്ന ഓരോ കമന്റും എന്നെ ഓരോ നിമിഷവും അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. അതിലൂടെ കടന്നുപോകവേ ഇടയ്ക്കൊക്കെ എന്റെ കണ്ണുനിറഞ്ഞു. അങ്ങനെയാണ് അതേക്കുറിച്ച് എന്തെങ്കിലുമൊന്ന് കുറിക്കണമെന്ന് തോന്നിയതും.
'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ വർഷങ്ങൾക്കു മുമ്പു പ്രസിദ്ധീകരിച്ച അമ്മയുടെ കഥകൾക്കുവേണ്ടിയുള്ള അന്വേഷണത്തെക്കുറിച്ചും ഒടുവിൽ 51 വർഷം പഴക്കമുള്ള അതിന്റെ പുന:സൃഷ്ടിച്ച പതിപ്പുകൾ എന്നെത്തേടിവന്നതിനെക്കുറിച്ചും ഇതിനുമുമ്പ് ഇതേ പംക്തിയിൽ എഴുതിയിരുന്നു. എന്നാൽ അന്ന് പറയാതെ ബാക്കിവച്ച ചിലതാണ് ഇനിയെഴുതുന്നത്. അതിന് പ്രേരിപ്പിച്ചത് നേരത്തെ പറഞ്ഞ വീഡിയോയ്ക്ക് കിട്ടിയ നല്ലവാക്കുകളും സ്നേഹവുമാണ്.
ലാലേട്ടൻ അഭിനയിച്ച 'വാസ്തുഹാര' എന്ന സിനിമ പണ്ടെപ്പോഴോ ടെലിവിഷനിലാണ് കണ്ടത്. ആ പേരിനൊരു പ്രത്യേകഭംഗിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ബംഗാളിലെ അഭയാർഥികളും അവരുടെ പുനരധിവാസത്തിന്റെ ചുമതലയുമായെത്തുന്ന ലാലേട്ടന്റെ കഥാപാത്രവും പിന്നീട് അരവിന്ദൻസാറിന്റെ സിനിമകളെക്കുറിച്ചുള്ള ചങ്ങാതിച്ചർച്ചകളിൽ വിഷയമായിട്ടുമുണ്ട്. അമ്മയുടെ കഥകൾ പ്രസിദ്ധീകരിച്ച 1974-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികൾ കൈയിൽ കിട്ടിയപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടി. വിഷയവിവരത്തിൽ അതേ പേര്. വേഗത്തിൽ താളുകൾ മറിച്ചുനോക്കിയപ്പോൾ അതിലൊരിടത്ത് 'വാസ്തുഹാര' എന്ന കഥ. രണ്ടുലക്കങ്ങളിലായി പ്രസിദ്ധീകരിച്ച അതിന്റെ അവസാനഭാഗമാണ് അമ്മയുടെ കഥ വന്ന ആഴ്ചപ്പതിപ്പിലുണ്ടായിരുന്നത്. സി.വി.ശ്രീരാമൻ എന്ന വലിയ എഴുത്തുകാരനൊപ്പം കഥയുമായി എന്റെ അമ്മ ഗിരിജാ വാരിയരും. അവിടംകൊണ്ടും തീർന്നില്ല. ഒരു 'കവിയുടെ കാല്പാടുകളും' അതിൽ പതിഞ്ഞുകിടപ്പുണ്ടായിരുന്നു. കാറ്റുപോലെ പറന്നുനടന്ന പി.കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ. പിന്നെ കമലാദാസ്,സാറാ ജോസഫ്.... അങ്ങനെ ഗിരിജാ വാരിയർ എന്ന പേരിനിടയിൽ പിന്നെയും കുറേ വിലപിടിച്ച പേരുകൾ...
എന്റെ കൈയിലിരിക്കുന്നത് എത്രത്തോളം വിലപിടിപ്പുള്ള സമ്മാനമാണ് എന്ന് തിരിച്ചറിഞ്ഞത് ആ നിമിഷമാണ്. അത് എന്റെ കൈയിലെത്തിയ വിവരം അമ്മയറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരു സർപ്രൈസ് ആയി സമ്മാനിക്കണം എന്നുകരുതി ഒളിപ്പിച്ചുവച്ചു. പിന്നീട് അമ്മ വിളിക്കുമ്പോഴൊക്കെ എനിക്ക് പേടിയായി. ഞാൻ അറിയാതെ ആ ആഴ്ചപ്പതിപ്പുകളുടെ കാര്യം പറഞ്ഞുപോകുമോയെന്ന്. കാരണം അത് എന്റെയുള്ളിലുണ്ടാക്കിയ ആഹ്ലാദത്തിന്റെയോ ആകാംക്ഷയുടെയോ ഒക്കെ തിരതള്ളൽ വലുതായിരുന്നു. അതിന്റെ സമ്മർദം സഹിക്കാനാകാതെ സർപ്രൈസിനുമുമ്പുതന്നെ പറഞ്ഞുപോകാൻ സാധ്യത ഏറെയായിരുന്നു. ചിലസമയങ്ങളിൽ നാവിലേക്ക് അക്കാര്യം വരികപോലും ചെയ്തു. അപ്പോൾത്തന്നെ അത് വിഴുങ്ങിക്കളഞ്ഞു. 'നീയെന്തോ പറയാൻ തുടങ്ങിയല്ലോ' എന്ന് അമ്മ ചോദിച്ചപ്പോൾ വിഷയം മാറ്റി ഒളിച്ചുകളിച്ചു. ആ സമ്മാനത്തെ എന്റെ ഉള്ളറയ്ക്കുള്ളിൽ ഒളിപ്പിച്ചുവച്ചു.
എന്റെ യാത്രകൾ കിഴക്കോട്ടെങ്കിൽ അമ്മയുടേത് പടിഞ്ഞാറേക്കായിരുന്നു. രണ്ടു വിപരീതദിശകളിലേക്ക് അവരവരുടേതായ തിരക്കുകളുമായി ഓടുന്നതിനിടെ കൂടിക്കാഴ്ചകൾ വിരളമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ അക്ഷരസമാഹാരം എന്റെ പക്കൽ സമ്മാനിക്കപ്പെടാത്ത ഒരു നിധിയായിതന്നെയിരുന്നു. എങ്കിലും അമ്മയെ ഓർമവരുമ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് അതെടുത്തുനോക്കും. ചില ഭാഗങ്ങളുടെ ഫോട്ടെയെടുത്തുവച്ചു. നാളെ അമ്മയ്ക്ക് ഇത് സമ്മാനിച്ചുകഴിഞ്ഞാൽ എനിക്ക് വായിക്കാനും ഓർക്കാനുമായി ചില അക്ഷരച്ചീന്തുകൾ..
'ചെമന്ന നൂലിഴ' എന്ന കഥയിൽ അമ്മ എഴുതിയത് ഇങ്ങനെയായിരുന്നു:
'നീണ്ട ദിവസങ്ങൾക്കുശേഷം മടിച്ചെത്തുന്ന ആഴ്ചയുടെ അവസാനത്തിനുവേണ്ടി കാത്തിരുന്ന സന്ധ്യകളിൽ ചത്തുമലച്ച കൊതുകിന്റെ ചെമന്ന രക്തം കണ്ട് തരിച്ചിരുന്നു.ഒടുവിൽ...
പത്രം കൊണ്ടുപൊതിഞ്ഞ കൊതുകുവല കണ്ടുഞെട്ടി. എന്തിനാ കൊച്ചേട്ടാ ചെമന്ന ഇഴയുള്ള വല? നിറമില്ലാത്തത് മത്യാര്ന്നു...
കിതപ്പോടെ പെട്ടിക്കടിയിൽ അതു മടക്കിവയ്ക്കുമ്പോൾ പിന്നിൽ സഹതാപം കലർന്ന മുഖഭാവുമായി അമ്മ.
-അതു കൂറ വെട്ടാനാ..ഇങ്ങു താ പെണ്ണേ..
-ഇല്ല്യമ്മേ..ഞാൻ തരില്ല്യ..അതുമാത്രം..അതാര്ക്കും വേണ്ടേ..
-ഓ..ന്റെ പെണ്ണേ...
ജനലിലൂടെ ഇരുട്ടിന്റെ ആയിരം കണ്ണുകൾ നോക്കിക്കിടന്ന് ആരും കേൾക്കാതെ തേങ്ങുന്ന കറുത്ത രാത്രികളിലെ ദൈന്യത...
മുറിയിൽ വെളിച്ചം പരന്നുവീണു. വെളിച്ചം കുത്തിത്തറച്ചപ്പോൾ കണ്ണുകൾ ഇറുകെയടച്ചു. കരഞ്ഞുതുറക്കുന്ന ചില്ലലമാരിക്കുള്ളിൽ വീർപ്പുമുട്ടുന്ന ഇംഗ്ലീഷ് മരുന്നിന്റെ മണം. മരുന്നുമായി കുനിഞ്ഞുനില്കുന്ന അമ്മയുടെ ദുഖത്തിന്റെ മുഖംമൂടിക്കുള്ളിൽ എന്തോ നഷ്ടപ്പെട്ട വാചാലതയ്ക്കു പകരം യാന്ത്രികത. അമ്മയുടെ വേഷ്ടിയുടെ വെളുത്ത കോന്തല ഇടനാഴിൽ അപ്രത്യക്ഷമായപ്പോൾ ചുണ്ടിൽ തങ്ങിനിന്ന അവസാനത്തെ തുള്ളി മരുന്ന് സാരിത്തലപ്പെടുത്ത് തുടച്ചു..'
ആദ്യവായനയിലേ ഇഷ്ടപ്പെട്ട ഭാഗമായതുകൊണ്ട് ഫോട്ടോയെടുത്തുവച്ചിരുന്നവയുടെ കൂട്ടത്തിൽ പെട്ടതാണ് ഇതും. ആദ്യമായി അതുവായിച്ചപ്പോൾ ഞാൻ പെട്ടെന്ന് അമ്മയെ മുന്നിൽ കണ്ടു. എനിക്കറിയാമായിരുന്നു ആ പെൺകുട്ടി അമ്മ തന്നെയായിരുന്നുവെന്ന്..തിരുവില്വാമലയുടെ താഴ്വാരത്തെ ഏതോ വയൽവരമ്പിലൂടെ മനസ്സിൽ കഥകളുണ്ടാക്കിയും അവയിലെ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകൂടിയും മൂളിപ്പാട്ടുപാടിയും നടന്ന ഒരു പതിനെട്ടുകാരി..
എന്നേക്കാൾ തിരക്ക് പലപ്പോഴും അമ്മയ്ക്കായിരുന്നു. 'അമ്മേ.. എന്നാ ഒന്ന് കാണാൻ പറ്റുക' എന്ന് ചോദിക്കുമ്പോഴൊക്കെ അമ്മ അടുത്ത കഥകളിയരങ്ങിന്റെയും പ്രകൃതിജീവനക്കളരിയുടേയുമൊക്കെ കാര്യം പറഞ്ഞ് ചിരിച്ചു. എന്റെയുള്ളിൽ അപ്പോഴൊരു സമ്മാനം പൊതിതുറന്ന് പുറത്തേക്കുചാടാൻ വെമ്പി. ഞാനതിനെ കഷ്ടപ്പെട്ട് അടക്കിയിരുത്തി.
അങ്ങനെയൊരു ദിവസം അമ്മ കളിയരങ്ങിൽ നിന്ന് ഞങ്ങളെ കാണാനായി വന്നു. മുഖത്ത് അപ്പോഴുമുണ്ടായിരുന്നു തലേന്നത്തെ വേഷച്ചായത്തിന്റെ ചില തരികൾ. അത് അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നിന്റെ ബാക്കിയാണ്. അതൊരിക്കലും മാഞ്ഞുപോകരുതേയെന്നാണ് പ്രാർഥനയും.
ചേട്ടനും കുടുംബവും പിന്നെ ഞാനും അമ്മയെ കാത്തിരിക്കുകയായിരുന്നു. അമ്മ വന്നപ്പോൾ ഞാൻ മെല്ലെ ആ ആഴ്ചപ്പതിപ്പുകൾ എടുത്തുകൊണ്ടുവന്നു. അമ്മയ്ക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല. വായനാപ്രേമിയായതുകൊണ്ട് അമ്മയ്ക്ക് ഇടയ്ക്കിടെ പുസ്തകങ്ങളോ നല്ല കഥകളുണ്ടെന്ന് കൂട്ടുകാർ പറയുന്ന ആഴ്ചപ്പതിപ്പുകളോ കൊടുക്കാറുണ്ട്. അങ്ങനെയെന്തെങ്കിലുമായിരിക്കും എന്നാണ് അമ്മയോർത്തത്. 'എന്തായിത്' എന്ന് ചോദിച്ചുകൊണ്ട് വെറുതെ താളുകൾ മറിക്കുന്നതിനിടെ ഇടയ്ക്കൊരു താളിൽ ഗിരിജാ വാരിയർ എന്നുകണ്ടപ്പോഴായിരുന്നു അമ്മ ശരിക്കും അമ്പരന്നത്. അതിൽ പൊട്ടിവിടർന്നൊരു ചിരിയോടെ അതുരണ്ടും നെഞ്ചോടു ചേർത്തു. ഒരു കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ സന്തോഷിച്ച് ചിരിച്ചു. അമ്മയപ്പോൾ ആ പതിനെട്ടുകാരിയായി...'നിയ്ക്കൊരു കൊതുവല വേണം ട്ടോ..കൊച്ചാട്ടാ' എന്നു പറഞ്ഞ 'ചെമന്ന നൂലിഴ'യിലെ പെൺകുട്ടി.
അമ്മ അത്രത്തോളം നിഷ്കളങ്കമായി ചിരിച്ച മറ്റൊരു നിമിഷം എന്റെ ഓർമയിലില്ല. അമ്മയുടെ എല്ലാ വികാരങ്ങളും ആ പൂച്ചിരിയിൽ കാണാമായിരുന്നു. അമ്മ ഒരു മിന്നലിന്റെ വേഗത്തിലെന്നോണം പഴയകാലത്തിലേക്ക് പോയി. അതിന്റെ തിളക്കം എനിക്ക് അമ്മയുടെ കണ്ണുകളിൽ കാണാമായിരുന്നു. അമ്മയ്ക്കത് തുന്നിക്കൂട്ടിയ അറുപതോ എഴുപതോ വെള്ളക്കടലാസുകൾ മാത്രമല്ല. എന്നോ നഷ്ടപ്പെട്ടുപോയ ഒരു സ്വപ്നത്തിന്റെ,അല്ലെങ്കിൽ ഞങ്ങൾ സന്തോഷിക്കാൻ വേണ്ടി സങ്കടത്തോടെ മാറ്റിവച്ച ഒരിഷ്ടത്തിന്റെ വീണ്ടെടുപ്പായിരുന്നു. അതിലുണ്ടായിരുന്നത് അമ്മയുടെ കൗമാരവും കനവുകളും എന്നോ താൻ നടന്നുപോയ വയൽവരമ്പുകളുമായിരുന്നു...
എല്ലാ മക്കളും കൊടുക്കാറുള്ളതുപോലെ ഫോണോ വസ്ത്രമോ ഒക്കെയായിരുന്നു ഇക്കാലമത്രയും ഞാൻ അമ്മയ്ക്ക് സമ്മാനിച്ചുകൊണ്ടിരുന്നത്. യാത്ര പോയി വരുമ്പോൾ അമ്മ എനിക്കായും ചിലതുകൊണ്ടുവരും. കുഞ്ഞുകുഞ്ഞു സമ്മാനങ്ങൾ. യാത്രകളിൽ ഞാൻ വെള്ളംകരുതുന്ന ഫ്ളാസ്ക്,ചില്ലറയിട്ടുവയ്ക്കുന്ന പഴ്സ് ഒക്കെ അമ്മ സമ്മാനമായി തന്നതാണ്. പക്ഷേ എന്റെ ഒരു സമ്മാനവും അമ്മയെ ഇത്ര സന്തോഷിപ്പിച്ചിട്ടില്ല. കാരണം ഞാൻ മുമ്പുകൊടുത്തവയിലൊന്നിലും അമ്മയുടെ കിനാവുകളുണ്ടായിരുന്നില്ലല്ലോ...
നമ്മുടെ പ്രിയപ്പെട്ടവരെല്ലാം ഇങ്ങനെ ചില സമ്മാനങ്ങൾ കൊതിക്കുന്നുണ്ടാകും. എന്നോ അവർക്ക് നഷ്ടപ്പെട്ടുപോയ ഒരു കാലത്തിന്റെ വീണ്ടെടുപ്പുകൾ. ചിലപ്പോൾ പണ്ടെവിടെയോ കളഞ്ഞുപോയ ഒരു ഡയറി,അല്ലെങ്കിൽ വളപ്പൊട്ടുകളിട്ടുവച്ച പാത്രം,ഏറ്റവും പ്രിയപ്പെട്ടതായി കരുതിയിരുന്ന ഒരു കുപ്പായം,മഷി വറ്റിപ്പോയ പേന...അങ്ങനെയങ്ങനെ എന്തെങ്കിലുമൊക്കെ. അവർ ഒരിക്കലും അതുകിട്ടിയിരുന്നെങ്കിൽ എന്ന് നമ്മോട് പറയില്ല. പക്ഷേ കിട്ടാൻ കൊതിക്കുന്ന ഒരു മനസ്സ് അവരുടെയുള്ളിലുണ്ട്. അത് തിരിച്ചറിഞ്ഞ്,കിട്ടാൻ സാധ്യതയുള്ളവയാണെങ്കിൽ അത് തേടിപ്പിടിച്ച് അവർക്ക് നല്കുക. ചിലപ്പോൾ എന്നോ കടന്നുപോയ ഒരു വഴിയിലൂടെയുള്ള ഒരു യാത്രപോലും വിലപ്പെട്ട സമ്മാനമായി മാറിയേക്കാം. ആ യാത്രയിൽ അവർക്ക് മാത്രം കാണാനാകുന്ന ചില കാഴ്ചകളുണ്ടാകും.
അങ്ങനെ.. കഴിയുമെങ്കിൽ സമ്മാനങ്ങളിലൂടെ വീട്ടുക,സ്വപ്നങ്ങളുടെ കടങ്ങൾ..അങ്ങനെ വിരിയട്ടെ പൂച്ചിരികൾ..
(തുടരും)