'ദൃശ്യം-3' പൂജാച്ചടങ്ങിൽ ക്ലാപ്പ് ബോർഡുമായി മോഹൻലാൽ ഫോട്ടോ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിൽനിന്ന്
Malayalam

ദൃശ്യം-3 കൊച്ചിയിൽ തുടങ്ങി,ചൊവ്വാഴ്ച ഡൽഹിയിൽ ഒരു ചരിത്രദൃശ്യം

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമാ ജീവിതത്തിൽ ചരിത്രംസൃഷ്ടിച്ച ചിത്രത്തിന് തുടക്കമിട്ട്, ഇന്ത്യൻസിനിമയുടെ പരമോന്നതബഹുമതി ഏറ്റുവാങ്ങാൻ മോഹൻലാൽ ഡൽഹിക്ക് തിരിച്ചു. ജീത്തു ജോസഫിനൊപ്പമുള്ള 'ദൃശ്യ'ത്തിന്റെ മൂന്നാംഭാ​ഗത്തിന് തിങ്കളാഴ്ച കൊച്ചി പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലാണ് തുടക്കമായത്. ഇന്ത്യൻ സിനിമാലോകത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മോഹൻലാൽ ഏറ്റുവാങ്ങും.

'ദൃശ്യ'ത്തിന്റെ പൂജാ ചടങ്ങില്‍നിന്നുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ലാലിനൊപ്പം സംവിധായകന്‍ ജീത്തു ജോസഫും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മലയാളസിനിമയിലെ ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങൾ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായി. പൂജയോടെ ദൃശ്യം 3- തുടക്കം' എന്ന അടിക്കുറിപ്പോടെയാണ് ലാൽ ചിത്രങ്ങള്‍ പങ്കുവച്ചത്.

'ദൃശ്യം-3' പൂജാച്ചടങ്ങിൽ മോഹൻലാൽ തിരിതെളിക്കുന്നു

തിരിതെളിച്ചും ക്ലാപ്പ് ബോര്‍ഡേന്തിയും ലാൽ തന്നെയാണ് ദൃശ്യം എന്ന മെ​​ഗാഹിറ്റിന്റെ മൂന്നാംഭാ​ഗത്തിന് തുടക്കമിട്ടത്. ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. സാധാരണക്കാരനായ നായകന്‍ ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) ഒരു കൊലപാതകക്കുറ്റത്തില്‍നിന്ന് തന്റെ ഭാര്യയെയും പെണ്‍മക്കളെയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന സംഭവവികാസങ്ങളാണ് രണ്ടും ഭാഗങ്ങളും പറഞ്ഞത്. 2013ല്‍ ആണ് ദൃശ്യം റിലീസ് ചെയ്തത്. 2021ല്‍ ദൃശ്യം- 2 പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.

'ദൃശ്യം-3' പൂജാച്ചടങ്ങിൽ മോഹൻലാലും സംവിധായകൻ ജീത്തുജോസഫും

ജോര്‍ജുകുട്ടിയുടെ ജീവിതത്തിലെ സ്വാഭാവിക സംഭവങ്ങളായിരിക്കും ദൃശ്യം- 3 എന്നും മുന്‍ ഭാഗങ്ങളിലെ സങ്കീര്‍ണമായ ത്രില്ലര്‍ ഫോര്‍മാറ്റ് പിന്തുടരില്ലെന്നും സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. കൂടാതെ ചൈനീസ് ഭാഷയിലേക്ക് പോലും ദൃശ്യം ചെന്നെത്തി.

'ദൃശ്യം-3' പൂജാച്ചടങ്ങിൽ തിരക്കഥയുമായി മോഹൻലാൽ, ജീത്തുജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ

'ഹൃദയപൂര്‍വം' ആണ് മോഹന്‍ലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഓണച്ചിത്രമായി പുറത്തിറങ്ങിയ 'ഹൃദയപൂര്‍വം' തിയറ്ററുകളിലിപ്പോഴും നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം സെപ്റ്റംബർ 26 ന് ഒടിടിയിലെത്തും.