Malayalam

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം 'ദൃശ്യം 3' കണ്ട് ലാലേട്ടന്‍; ആവേശപ്പെരുമഴ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മേയ് 21-ന് സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന 'ദൃശ്യം 3' തിയേറ്ററുകളിലെത്തി. ആരാധകര്‍ക്കു നല്‍കിയ വാക്ക് പാലിച്ചുകൊണ്ട്, തന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ ലാലേട്ടന്‍ നേരിട്ടെത്തിയത് തിയറ്ററിനെ ആവേശക്കടലാക്കി മാറ്റി. കൊച്ചി കവിത തിയറ്ററിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ദൃശ്യത്തിലെ അഭിനേതാക്കൾക്കുമൊപ്പം ആദ്യ ദിനത്തിലെ ആദ്യ ഷോ കാണാന്‍ മോഹൻലാലെത്തിയത്. ഭാര്യ സുചിത്രയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

തിയേറ്ററിലെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ശേഷമാണ് സിനിമ കാണാനായി ഹാളിലേക്കു പ്രവേശിച്ചത്. കോണിപ്പടികള്‍ കയറി മുകളിലത്തെ നിലയിലേക്കു പോകുമ്പോള്‍ ആര്‍ത്തുവിളിച്ച ആരാധകരെ കൈവീശി കാണിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ 'പേട്രിയറ്റ്' എന്ന ചിത്രത്തിനു ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ക്കുശേഷം, 'ദൃശ്യം 3' യില്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ആകാശത്തോളമായിരുന്നു. അതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍നിന്നു ലഭിക്കുന്നത്.

മോഹൻലാൽ 'ദൃശ്യം 3' ആദ്യഷോ കാണാൻ എറണാകുളം കവിതാ തിയേറ്ററിലെത്തിയപ്പോൾ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച്, പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മേയിലെ മൂന്നാമത്തെ വലിയ റിലീസാണ് 'ദൃശ്യം 3'. ഇതിന് മുന്‍പ് 'പേട്രിയറ്റ്', 'അതിരടി' എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിയിരുന്നു. ആന്റണി വര്‍ഗീസ് നായകനായി പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' ഈ മാസം അവസാനവും, അഭിനവ് സുന്ദര്‍ നായക്-നസ്ലിന്‍ കൂട്ടുകെട്ടിന്റെ 'മോളിവുഡ് ടൈംസ്' ജൂണിലും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ജോര്‍ജുകുട്ടിയുടെ മാസ് മടങ്ങിവരവ്.