Malayalam

മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം

പപ്പപ്പ റിപ്പോര്‍ട്ടര്‍

2023-ലെ ദാ​ദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്. സെപ്റ്റംബർ 23ന് നടക്കുന്ന 71-മത് ദേശീയ ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. രാജ്യത്തിലെ പരമോന്നത സിനിമാ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കേ അവാർഡ്. തലമുറകളെ പ്രചോദിപ്പിച്ച സിനിമായാത്രയ്ക്കാണ് പുരസ്കാരം നല്കുന്നതെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

സമാനതകളില്ലാത്ത കഠിനാധ്വാനം,വൈവിധ്യം നിറഞ്ഞ അഭിനയജീവിതം തുടങ്ങിയവയും മോഹൻലാലിനെ അവാർഡിന് പരി​ഗണിക്കുന്നതിന് കാരണമായതായും കേന്ദ്രം വ്യക്തമാക്കി. പത്മശ്രീ,പത്മഭൂഷൺ ബഹുമതികളും ലാലിന് ലഭിച്ചിട്ടുണ്ട്.മലയാളത്തിൽ നിന്ന് ഇതിനുമുമ്പ് അടൂർ ​ഗോപാലകൃഷ്ണനാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചിട്ടുള്ളത്.

'ഏറ്റവും ഉള്‍പ്പുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കായി തിരിച്ചുനല്‍കാന്‍ സാധിച്ച വലിയ അംഗീകാരമാണ് ഫാല്‍ക്കെ പുരസ്‌കാരം. ഞാന്‍ ചെന്നൈയില്‍ ഷൂട്ടിലാണ്. ഇതിനിടെയാണ് അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നത്. നമുക്ക് ലഭിച്ച വലിയ അംഗീകരമാണ്. അവാര്‍ഡിന് തെരഞ്ഞെടുത്ത ജൂറിയെയും സര്‍ക്കാരിനെയും ആദ്യം മനസാല്‍ നമസ്‌കരിക്കുന്നു. ഇത്രയും വലിയൊരു അംഗീകാരം എനിക്ക് സാധ്യമാക്കിത്തന്ന എന്റെ കൂടെയുള്ളവര്‍ക്കും കുടുംബത്തിനും നന്ദി പറയുന്നു... എന്നെ ഇഷ്ടപ്പെടുന്ന എന്റെ പ്രേക്ഷകരോടു നന്ദി പറയുന്നു... ഈശ്വരനോട് നന്ദി പറയുന്നു... അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഞാന്‍ തീര്‍ച്ചയായും ചടങ്ങില്‍ പങ്കെടുക്കും...' മോഹന്‍ലാല്‍ പറഞ്ഞു.