ക്രിസ്മസ് തലേന്ന് വരവുറപ്പിച്ച് ടി.എസ്.ലൗലജൻ. 'ഡിസംബർ 24,2026...ടി.എസ്.ലൗലജൻ, റിപ്പോർട്ടിങ് ഫോർ ഡ്യൂട്ടി. ഓൺ ടൈം' എന്ന വാചകത്തോടെ 'അതിമനോഹര'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നതോടെ ആരാധകരുടെ കൂടുതൽ ആവേശത്തിലായി. പോലീസ് സ്റ്റേഷനിലേക്ക് ഒരു കൈയിൽ ബാഗും മറുകൈയിൽ ഹെൽമറ്റുമായെത്തുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. വർഷങ്ങൾക്കുശേഷം അങ്ങനെ മോഹൻലാലിന്റെ പോലീസ് കഥാപാത്രം സ്ക്രീനിലേക്കെത്തുകയാണ്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹര'ത്തിൽ മീര ജാസ്മിനാണ് മോഹൻലാലിന്റെ നായിക. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാർ അവസാനമായി പൂർത്തിയാക്കിയ സിനിമയാണ് 'അതിമനോഹരം'. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്‌സ് ബിജോയ്, കോ-ഡയറക്ടർ ബിനു പപ്പു.
അതിനിടെ, ചിത്രത്തിന്റേതെന്ന പേരിൽ തിയേറ്ററുകളിൽ സ്ഥാപിക്കപ്പെട്ട വ്യാജപോസ്റ്ററുകൾക്കെതിരേ സംവിധായകൻ തരുൺമൂർത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പോസ്റ്ററുകൾ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരുൺ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ഒരു ക്രിയേറ്റർ എന്ന നിലയിൽ, ഇത്തരത്തിലുള്ള ആരാധകർ സ്വമേധയാ നടത്തുന്ന പ്രമോഷനുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതിനൊപ്പം തെറ്റിദ്ധാരണകൾക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നിർമാതാക്കളുടെ അറിവോ അനുമതിയോ ഇല്ലാതെ, പ്രത്യേകിച്ച് നിർമ്മാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിച്ച് സ്റ്റാൻഡികൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കും
ഞങ്ങളുടെ ക്രിയേറ്റീവ് ടീം, നിർമാണക്കമ്പനി, ഏറ്റവും പ്രധാനമായി ലാലേട്ടന്റെ യഥാർഥ ആരാധകർ എന്നിവരെല്ലാം ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം, ശൈലി, ഭാവം എന്നിവയ്ക്ക് കൃത്യമായി അനുയോജ്യമായ രീതിയിൽ നിശ്ചിത ഇടവേളകളിൽ പ്രൊമോഷണൽ കണ്ടന്റുകൾ പുറത്തിറക്കാനാണ് ഞങ്ങളുടെ പദ്ധതി.
വളരെയധികം ആശങ്കയോടെയും സമ്മർദത്തോടെയും ഒരിക്കൽ കൂടി ഇക്കാര്യം ആവർത്തിക്കുകയാണ്. കാരണം, ഞങ്ങൾ വിഭാവനം ചെയ്തിരിക്കുന്ന അതേ രീതിയിൽ പ്രേക്ഷകർക്ക് ഈ സിനിമ അനുഭവിക്കാൻ കഴിയണമെന്നാണ് ആത്മാർഥമായി ആഗ്രഹിക്കുന്നത്.
'അതിമനോഹരം' ഒരു ഫാമിലി ഡ്രാമയാണ്. ഒപ്പം പോലീസ് അന്വേഷണത്തിന്റെ ഘടകങ്ങളും ചിത്രത്തിൽ തുല്യപ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദയവായി ഞങ്ങളുടെ പ്രൊമോഷൻ പദ്ധതികളെ മാനിക്കുകയും ഞങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അനുവദിക്കുകയും ചെയ്യുക. പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.