മോഹൻലാൽ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

ഏഴ് സംവിധായകരുടെ ചിത്രങ്ങൾ പ്രഖ്യാപിച്ച് മോഹൻലാൽ;ചിദംബരവും കൃഷാന്തും ഇല്ല

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രങ്ങള്‍ തിരുത്തിയെഴുതാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വീണ്ടും ഒരുങ്ങുന്നു. വ്യത്യസ്തങ്ങളായ പ്രമേയങ്ങളും വമ്പന്‍ കാന്‍വാസുമായി ഏഴു പുതിയ ചിത്രങ്ങളാണ് മോഹൻലാൽ പ്രഖ്യാപിച്ചത്. തലമുറമാറ്റത്തിന്റെ വൈവിധ്യം പ്രകടമാക്കുന്ന നിരയില്‍ പരിചയസമ്പന്നരായ മുതിര്‍ന്ന സംവിധായകരും മലയാളത്തിലെ മുന്‍നിര യുവ സംവിധായകരും ഒരുപോലെ അണിനിരക്കുന്നുണ്ട്.

പലസംവിധായകർക്കൊപ്പവും മോഹൻലാലിന്റെ പുതിയ സിനിമകളുടെ വാർത്തകർ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി സോഷ്യൽമീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. തന്റെ വരാനിരിക്കുന്ന സിനിമകളുടേതായി മോഹൻലാൽ പുറത്തുവിട്ട സംവിധായകരുടെ പേരുകൾ ഇങ്ങനെയാണ്. വിഷ്ണുമോഹൻ,അനൂപ് സത്യൻ,പ്രിയദർശൻ,ദിലീഷ് പോത്തൻ,സത്യൻ അന്തിക്കാട്,ജൂഡ് ആന്തണി ജോസഫ്,ജീത്തു ജോസഫ്.

നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻ

ഈ ക്രമത്തിലാണ് ചിത്രങ്ങളൊരുങ്ങുന്നതെന്നാണ് സൂചന. അങ്ങനെയെങ്കിൽ മോഹൻലാൽ അടുത്തതായി അഭിനയിക്കുക വിഷ്ണുമോഹൻ ചിത്രത്തിലാകും. അതിനുശേഷം നവംബറോടെ അനൂപ് സത്യൻ ചിത്രത്തിൽ. ബാക്കി ചിത്രങ്ങളുടെ ഷൂട്ടിങ് അടുത്തവർഷമായിരിക്കും. നവംബറിൽ അനൂപ് സത്യൻ സിനിമ തുടങ്ങുമെന്ന് കഴിഞ്ഞദിവസം ലാൽ തന്നെ ആരാധകരെ അറിയിച്ചിരുന്നു.

സത്യൻ അന്തിക്കാടും മോഹൻലാലും

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലൂടെ ക്ലാസിക് മോഹന്‍ലാല്‍ കൂട്ടുകെട്ടുകളുടെ തിരിച്ചുവരവാണ് വീണ്ടും കാണാനാകുക. ഇതിൽ പ്രിയദർശന്റേത് അദ്ദേഹത്തിന്റെ നൂറാംസിനിമയാണ്. പ്രിയന്റെ ആദ്യസിനിമയിൽ നായകനായ ലാൽ നൂറാം സിനിമയിലും നായകനാകുന്നു എന്ന അപൂർവതയുണ്ട്.

ദൃശ്യം-3 പൂജാച്ചടങ്ങിൽ മോഹൻലാലും സംവിധായകൻ ജീത്തുജോസഫും

ഇന്‍ഡസ്ട്രിയുടെ അതിരുകള്‍ മാറ്റിവരച്ച 'ദൃശ്യം' ഫ്രാഞ്ചൈസിക്ക് ശേഷം ജീത്തു ജോസഫുമായി ഒന്നിക്കുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. ജൂഡ് ആന്തണി ജോസഫ്, വിഷ്ണു മോഹന്‍, അനൂപ് സത്യന്‍ എന്നിവരുടെ സിനിമകളില്‍ ആദ്യമായി നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ പ്രഖ്യാപനത്തിനുണ്ട്.

മോഹൻലാലിനൊപ്പം ദിലീഷ് പോത്തൻ,ശ്യാംപുഷ്കരൻ,പോൾസൺ സ്കറിയ,അച്ചു ബേബി ജോൺ എന്നിവർ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'നെടുങ്കണ്ടം മിറാക്കിൾ' എന്നാണ്. ഇതിന്റെ ഔദ്യോ​ഗികപ്രഖ്യാപനം വന്നിട്ടുണ്ട്. 'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തിനുശേഷം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ ആണു ചിത്രം നിര്‍മിക്കുന്നത്. ഭാവന റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക. ദിലീഷ് പോത്തന്‍ ചിത്രങ്ങളുടെ സ്ഥിരം രചയിതാവ് ശ്യാം പുഷ്‌കരന്‍ തന്നെയാണു തിരക്കഥയൊരുക്കുന്നത്. ശ്യാമിനൊപ്പം പോള്‍സണ്‍ സ്‌കറിയയും തിരക്കഥാ രചനയില്‍ പങ്കാളിയാകുന്നുണ്ട്

വിഷ്ണുമോഹൻ മോഹൻലാലിനൊപ്പം

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച സംവിധായകന്‍ ചിദംബരം, വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൃഷാന്ത്, 'ആവേശം','രോമാഞ്ചം' എന്നിവയുടെ സംവിധായകൻ ജിത്തു മാധവൻ,പോലീസ് കഥകളിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ എന്നിവർ മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. മോഹൻലാലിന്റെ പ്രഖ്യാപനത്തോടെ ഇതിലെല്ലാം വ്യക്തത വന്നിരിക്കുകയാണ്. മേൽപ്പറഞ്ഞവരുടെയൊന്നും ചിത്രങ്ങളിൽ മോഹൻലാൽ ഈ വർഷമോ അടുത്തവർഷമോ അഭിനയിക്കുന്നില്ല.

മോഹൻലാൽ,അനൂപ് സത്യൻ

പ്രധാന പ്രോജക്ടുകള്‍ക്ക് പുറമെ സര്‍പ്രൈസ് കാമിയോ വേഷങ്ങളിലൂടെയും മോഹൻലാൽ തിയേറ്ററുകളില്‍ ആവേശമാകും. പൃഥ്വിരാജ് നായകനാകുന്ന ഓണം റിലീസ് ചിത്രം 'ഖലീഫ'യില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന നിര്‍ണായക കഥാപാത്രമായി മോഹന്‍ലാല്‍ എത്തും. ഓഗസ്റ്റ് 20-നാണ് ചിത്രത്തിന്റെ റിലീസ്. തമിഴ് ചിത്രം 'ജയിലര്‍ 2'വിലെ ജനപ്രിയ കഥാപാത്രത്തിന്റെ തിരിച്ചുവരവിനായും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ പങ്കുവച്ച ചിത്രം

അതിനിടെ, മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടന്നു. ശബരിമലയിലെ ചിത്രീകരണം ഇന്നോ നാളെയോ പൂർത്തിയാകും. അതിനുശേഷം മുംബൈയിൽ രണ്ടുദിവസത്തോട ഷൂട്ടിങ്ങോടെ ചിത്രം പാക്കപ്പാകും. ഡിസംബറില്‍ തിയേറ്ററുകളിലെത്തും. 'തുടരും' എന്ന വിജയചിത്രത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ 'തുടക്ക'ത്തിലെ സാന്നിധ്യവും ലാൽആരാധകർക്ക് ആവേശമായി മാറിയിരുന്നു.