കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുലർച്ചെ കൃത്യം അഞ്ചുമണിയോടെ ആലുവ മണപ്പുറത്ത് ഒരു ബൈക്ക് വന്നുനിൽക്കും. ചിലപ്പോൾ ബിഎംഡബ്ല്യു ആർ1250 ജിഎസ്. മറ്റുചിലപ്പോൾ റോയൽ എൻഫീൽഡ് ഹിമാലയൻ. മുരണ്ടുവന്നുനിൽക്കുന്ന ആ കരുത്തൻ ബൈക്കുകളിൽ നിന്നൊരാൾ മണപ്പുറത്തേക്ക് നടക്കും. ട്രാക്ക് സ്യൂട്ടും ബനിയനും തൊപ്പിയുമായിരിക്കും വേഷം. മണപ്പുറത്ത് അപ്പോൾ ആളുകൾ അധികം കാണില്ല. അവിടെ ലോറ തയ്യാറായി നിൽപ്പുണ്ടാകും. വന്നയാൾ നേരെ ലോറയുടെ അടുത്തേക്ക്. പിന്നെ അവരൊരുമിച്ച് ആളൊഴിഞ്ഞ ആലുവ മണപ്പുറത്തുകൂടി സവാരിയാണ്.
ബൈക്കിൽ വന്നയാളുടെ പേര് മഞ്ജു വാരിയർ. കൂട്ടുകാരി ലോറ ഒരു പെൺകുതിര. കഴിഞ്ഞ ഒരുമാസമായി ആലുവ മണപ്പുറത്ത് മഞ്ജു കുതിരസവാരി പരിശീലിക്കുകയാണ്. തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് പരിശീലകൻ. ജോർജിന്റെ സ്വന്തം കുതിരയാണ് ലോറ. പുലർച്ചെ കൃത്യം അഞ്ചുമണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജുവിന് രണ്ടു മണിക്കൂറായിരുന്നു സവാരി പരിശീലനം. ഒരാഴ്ചക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തു. പിന്നീടുള്ള ദിവസങ്ങളിൽ മഞ്ജു ഒറ്റയ്ക്ക് തന്നെയായിരുന്നു സവാരി. പക്ഷേ മണപ്പുറത്ത് സന്ദർശകരെത്തും മുമ്പേ പരിശീലനം പൂർത്തിയാക്കേണ്ടി വരുമെന്നു മാത്രം.
താൻ പരിശീലനത്തിന് മണപ്പുറത്ത് എത്തുന്ന കാര്യം പുറത്തറിയരുതെന്ന് മഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു. പരിശീലനം പൂർത്തിയാക്കും വരെ ജോർജും ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.ട്രാക്ക് സ്യൂട്ടും ബനിയനും തൊപ്പിയും അണിഞ്ഞ് പരിശീലനം നടത്തുന്ന മഞ്ജുവിനെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല.
ആളെ മനസ്സിലായ അപൂർവം ചിലർക്കൊപ്പം നിന്ന് സെൽഫി എടുക്കാനും മഞ്ജു തയ്യാറായി. പരിശീലനത്തുനുശേഷം ഓൾഡ് ദേശം റോഡിലെ മാടവന സ്റ്റോഴ്സിലെ ജിഞ്ചർ സർബത്തും മുന്തിരി ജ്യൂസും കഴിക്കാൻ മഞ്ജു നിത്യവും എത്തുമായിരുന്നു. അതിനുശേഷം മണപ്പുറം റോഡിലെ അച്ചൂസ് ഹോട്ടലിൽ നിന്ന് ചൂട് ദോശയും, സാമ്പാറും കഴിച്ചായിരുന്നു മടക്കം.
ചലച്ചിത്രതാരങ്ങളായ സണ്ണി വെയ്ൻ, സിജു വിൽസൺ,നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ ആലുവ മണപ്പുറത്ത് എത്തിയിരുന്നു. ആലുവ സ്വദേശിയായ സിജു വിൽസൺ വഴിയാണ് മഞ്ജു വാര്യർ കുതിരസവാരി മോഹവുമായി ജോർജിനെ സമീപിച്ചത്. അഞ്ചു മണിക്ക് തന്നെ പരിശീലനം ആരംഭിക്കുന്ന മഞ്ജു നിത്യവുമുള്ള സവാരി പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കളുടെ പരിശീലനം കഴിയുന്നതുവരെ മണപ്പുറത്തെ പുൽമേടുകളിൽ വിശ്രമിക്കും.
ദിവസവും എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് സ്വയം ബൈക്കോടിച്ചാണ് മഞ്ജു ആലുവയിൽ എത്തിയിരുന്നത്. വെള്ളിയാഴ്ച ഒരുമാസത്തെ പരിശീലനം പൂർത്തിയാക്കി മഞ്ജു മടങ്ങി. കടൽ തീരത്ത് കുതിരസവാരി നടത്തുന്നതിന് സഹായിക്കണമെന്ന് പരിശീലകനോട് അഭ്യർഥിച്ചാണ് താരം മടങ്ങിയത്.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാര്യർ ബൈക്ക് റൈഡിങ്ങിനൊപ്പം സ്വന്തമായി ഒരു കുതിരയെ വാങ്ങി സവാരി നടത്താനുള്ള പുറപ്പാടിലാണ്. 'ദയ' എന്ന സിനിമയിൽ മഞ്ജുവാരിയരുടെ കുതിരസവാരി ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്മർ ഇൻ ബത് ലഹേമിൽ കുതിരസവാരി രംഗത്തിനിടെ വീണ് പരിക്കേറ്റതിനെക്കുറിച്ച് മഞ്ജു പപ്പപ്പ ഡോട് കോമിലെ 'പിന്നെയും പിന്നെയും' എന്ന കോളത്തിൽ എഴുതിയിരുന്നു.
മൂന്ന് ഭാഷകൾ മനസ്സിലാവുന്ന 'ലോറ' എന്ന പെൺ കുതിരയെ ജോർജ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സ്വന്തമാക്കിയത്. ബൈക്ക് വാങ്ങി കൊടുക്കാൻ തയ്യാറായ മാതാപിതാക്കളോട് ജോർജ് പറഞ്ഞത് തനിക്കൊരു കുതിരയെ വേണമെന്നാണ്! കളമശ്ശേരി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡയസ്സും മാതാവ് ജനിയും മകന്റെ ആഗ്രഹം എതിർപ്പൊന്നും പറയാതെ സാധിച്ചു കൊടുത്തു.
ഗുജറാത്തിൽ നിന്ന് 70,000 രൂപയ്ക്ക് വാങ്ങിയ ലോറയെ തന്റെ കുടുംബാംഗത്തെ പോലെയാണ് ജോർജ് പരിപാലിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലെ നിർദേശങ്ങൾ ലോറയ്ക്ക് മനസ്സിലാകും. വിവാഹ ഫോട്ടോഷൂട്ട്, സിനിമ-സീരിയൽ ഷൂട്ടിങ് എന്നിവയ്ക്ക് ഫീസ് വാങ്ങി കുതിരയെ നല്കാറുണ്ട്. പക്ഷേ ജോർജ് സദാ ലോറയ്ക്കൊപ്പം ഉണ്ടാകുമെന്ന് മാത്രം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആലുവ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെറോം മൈക്കിൾ ഈ കുതിരയെ പ്രചരണത്തിന് ഉപയോഗിച്ചത് വാർത്തയായിരുന്നു.