കൈയടികൾക്കു നടുവിൽ മലയാളത്തിന്റെ മഹാനക്ഷത്രം മമ്മൂട്ടി പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്. കലാരംഗത്തെ അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട മികവിനും ജീവകാരുണ്യമേഖലയിലെ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് പുരസ്‌കാരം.
ഭാര്യ സുൽഫത്ത്,മകനും നടനുമായ ദുൽഖർ സൽമാൻ,മകൾ സുറുമി,നിർമാതാവ് ആന്റോ ജോസഫ്,മമ്മൂട്ടിയുടെ പേഴ്സണൽ മാനേജർ എസ്.ജോർജ്,പിആർഒ റോബർട്ട് കുര്യാക്കോസ്,വേഫെറർ ഫിലിംസിന്റെ ചുമതല വഹിക്കുന്ന ജോം വർഗീസ് എന്നിവർ അപൂർവമുഹൂർത്തത്തിന് സാക്ഷികളായി. സദസ്സിന്റെ മുൻനിരയിലിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ,സ്പീക്കർ ഓംബിർള എന്നിവരെ കൈകൂപ്പി വണങ്ങിയശേഷമാണ് മമ്മൂട്ടി പദ്മഭൂഷൺ സ്വീകരിക്കാൻ വേദിയിലേക്ക് കയറിയത്. നിറഞ്ഞ ചിരിയോടെയാണ് പ്രധാനമന്ത്രി മമ്മൂട്ടിയുടെ വന്ദനം ഏറ്റുവാങ്ങിയത്.
1998ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇപ്പോള്‍ പദ്മഭൂഷണ്‍ കൂടി എത്തിയതോടെ മലയാളസിനിമയുടെ മഹിമ മമ്മൂട്ടിയിലൂടെ വാനോളമുയർന്നു. മുമ്പ് പലവർഷങ്ങളിൽ മമ്മൂട്ടിക്ക് പദ്മഭൂഷൺ ഉണ്ടെന്ന് സൂചനകൾ പരന്നതാണ്. പക്ഷേ അവസാനം പ്രഖ്യാപനം വരുമ്പോൾ മലയാളികൾക്ക് നിരാശ മാത്രമായിരുന്നു ബാക്കി. ഇത്തവണ ആ പതിവ് തെറ്റി. മമ്മൂട്ടിയുടെ കരങ്ങളിലേക്ക് പദ്മഭൂഷൺ തിളക്കമെത്തി.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ, 2026ൽ മഹാത്മാഗാന്ധി സർവകലാശാലയുടെയും 2010ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെയും ഡി-ലിറ്റ് ബിരുദം, 2022ല്‍ കേരള സര്‍ക്കാരിന്റെ കേരളപ്രഭ പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍, നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, രാമു കാര്യാട്ട് അവാര്‍ഡ്, ഏഷ്യാ വിഷന്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ ഫിലിം അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.