എഴുത്തിനെയും വായനയെയും ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഥയെഴുതിയിരുന്ന ഭൂതകാലമുണ്ട് മമ്മൂട്ടിക്ക്. ഇടനേരങ്ങളിൽ വായനയിലേക്ക് ചേക്കേറുന്നതും അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നാണ്. അങ്ങനെ മമ്മൂട്ടിയുടെ ഒരു വായനാനിമിഷത്തെ പകർത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പഴ്സണൽ മാനേജർ എസ്.ജോർജ്.
ജാപ്പനീസ് എഴുത്തുകാരിയായ ബനാന യോഷിമോട്ടോയുടെ കിച്ചൺ എന്ന നോവൽ ആസ്വദിച്ച് വായിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് നസീർ മുഹമ്മദ് പകർത്തിയ ചിത്രമാണിത്.
'കഥകൾ.. കഥകളായി അവസാനിക്കുന്നില്ല! മനുഷ്യരെ തമ്മിൽ ചേർത്തു നിർത്താനുള്ള ഒരു മാസ്മരികത കൂടി സാഹിത്യത്തിനുണ്ട്. The man who is always seeking....(എപ്പോഴും തിരഞ്ഞുകൊണ്ടേയിരിക്കുന്ന ഒരാൾ)' എന്ന വാചകങ്ങൾക്കൊപ്പമാണ് ജോർജ് മമ്മൂട്ടിയെന്ന വായനക്കാരനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. വായിച്ചുമടക്കിയ മറ്റൊരു പുസ്തകം കൂടി മമ്മൂട്ടിക്ക് അരികിൽ കാണാം.
മുത്തശ്ശിയുടെ മരണശേഷമുള്ള,മിക്കേജ് സകുറായി എന്ന ജാപ്പനീസ് യുവതിയുടെ കഥയാണ് കിച്ചൺ പറയുന്നത്. 1988-ൽ ജാപ്പനീസ് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം 1993-ൽ പുറത്തിറങ്ങി. സമകാലിക ജാപ്പനീസ് സാഹിത്യത്തിന്റെ ഉദാഹരണമായി പാശ്ചാത്യമാധ്യമങ്ങൾ വാഴ്ത്തിയ രചനയാണ് കിച്ചൺ. ഇതിനെ ആധാരമാക്കി രണ്ട് സിനിമകളും പുറത്തിറങ്ങി.1989-ൽ യോഷിമിറ്റ്സു മോറിറ്റ സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് ഇതിൽ ആദ്യത്തേത്. പിന്നീട് വർഷങ്ങൾക്ക് ശേഷം 1997-ൽ യിം ഹോയുടെ സംവിധാനത്തിൽ ഹോങ് കോങ്ങിലും ഒരു സിനിമ പുറത്തിറങ്ങി.
'പേട്രിയറ്റി'ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ജപ്പാൻ യാത്ര നിശ്ചയിച്ചിരിക്കുകയായിരുന്നു മമ്മൂട്ടി. പക്ഷേ ഇത് പിന്നീട് നീട്ടിവച്ചു. ഇപ്പോൾ അദ്ദേഹം ദുബായിയിലാണുള്ളത്. അവിടെ നിന്ന് മടങ്ങിയെത്തി അടൂർ ഗോപാലകൃഷ്ണന്റെ ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും.