മലയാള സിനിമയിലെ ഓരോ വിപ്ലവകരമായ മാറ്റത്തിനൊപ്പം എന്നും മമ്മൂട്ടി എന്ന നടന്‍ ഉണ്ടായിരുന്നു. നവാഗതരുടെ ഊര്‍ജവും പരീക്ഷണശാലയുമാണ് മമ്മൂട്ടി. പലപ്പോഴും സീനിയര്‍ നടന്മാര്‍ പുതിയ സംവിധായകരെ സമീപിക്കാന്‍ മടിക്കുമ്പോള്‍ മമ്മൂട്ടി നേരെ തിരിച്ചാണു ചിന്തിക്കുന്നത്. അനുഭവസമ്പത്തിനേക്കാള്‍ തന്നെത്തേടിയെത്തുന്ന തുടക്കക്കാരന്‍ പുതിയതായി എന്തു നല്‍കുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ.
ലാല്‍ ജോസിനെയും ബ്ലെസിയെയും പോലുള്ള മുന്‍നിര സംവിധായകരെ മലയാളത്തിനു നല്‍കിയ അതേ കൈകള്‍ തന്നെയാണ് ബിഗ് ബിയിലൂടെ അമല്‍ നീരദിനെയും ഭ്രമയുഗത്തിലൂടെ രാഹുല്‍ സദാശിവനെയും പരീക്ഷിക്കാന്‍ തയാറായത്. സിനിമയുടെ സാങ്കേതികത മാറുന്നതിനനുസരിച്ച് തന്റെ അഭിനയശൈലിയും മാറ്റാന്‍ അദ്ദേഹം കാണിക്കുന്ന ആവേശമാണ് ഓരോ സിനിമയെയും വ്യത്യസ്തമാക്കുന്നത്.
താന്‍ നിര്‍മിക്കുന്ന സിനിമകള്‍ വെറും കച്ചവട ലക്ഷ്യങ്ങള്‍ മാത്രമുള്ളതാകരുത് എന്ന നിര്‍ബന്ധബുദ്ധി മമ്മൂട്ടിക്കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ഓരോ തീരുമാനത്തിലും കാണാം. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ ജെയിംസായും സുന്ദരമായും അദ്ദേഹം പകര്‍ന്നാടുമ്പോള്‍ അവിടെ ഒരു നടന്റെ ക്രാഫ്റ്റ് ആണ് പ്രകടമാകുന്നത്. 'റോഷാക്ക്' പോലുള്ള ഒരു പരീക്ഷണ ചിത്രം നിര്‍മിക്കാനും അതില്‍ അഭിനയിക്കാനും കാണിച്ച ധൈര്യം മലയാള സിനിമയുടെ ആഗോളസിനിമയില്‍ മലയാളത്തെ വീണ്ടും അടയാളപ്പെടുത്തുന്നതായി. അതുപോലെ തന്നെയാണ് ഭ്രമയുഗവും. കൊടുമണ്‍ പോറ്റിയുടെ പകര്‍ന്നാട്ടങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലെതന്നെ വിസ്മയമാണ്.
ഏറ്റവും അവസാനമായി പുറത്തിറങ്ങിയ കളങ്കാവല്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ്. സ്റ്റാന്‍ലി എന്ന സൈക്കോ സീരിയല്‍ കില്ലറെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അത്രമേല്‍ പ്രേക്ഷകരുടെ വെറുപ്പ് പിടിച്ചുപറ്റുന്ന കൊടുംക്രൂരനായ വില്ലന്‍ കഥാപാത്രത്തെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം മറന്ന് മമ്മൂട്ടി സ്വയം ഏറ്റെടുക്കുകയായിരുന്നു. തന്നിലെ സ്റ്റാര്‍ഡത്തെ തച്ചുടയ്ക്കുകയും നടനെ പ്രതിഷ്ഠിക്കുകയും ചെയ്ത കാഴ്ചയാണ് കളങ്കാവല്‍ നല്‍കുന്നത്.
ലോകസിനിമയിലെ പുതിയ മാറ്റങ്ങള്‍ കൃത്യമായി പിന്തുടരുന്ന ഒരു 'ചലച്ചിത്ര വിദ്യാര്‍ഥി' അദ്ദേഹത്തിലുണ്ട്. 'അവരുടെ പക്കല്‍ പുതിയ കാഴ്ചപ്പാടുകളുണ്ട്...'എന്ന് അദ്ദേഹം പുതുമുഖങ്ങളെക്കുറിച്ചു പറയുമ്പോള്‍, അതു കേവലം ഒരു പുകഴ്ത്തലല്ല, മറിച്ച് സിനിമയുടെ ഭാവിയെക്കുറിച്ചുള്ള കൃത്യമായ ബോധ്യമാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളുക മാത്രമല്ല, മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമ്പോഴാണ് ഒരു കലാകാരന്‍ കാലാതീതനാകുന്നത്. മമ്മൂട്ടി എന്ന നടന്‍ മലയാള സിനിമയ്ക്ക് നല്‍കുന്നതും അത്തരമൊരു ഊര്‍ജമാണ്.