രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം നാലാംതവണയും മമ്മൂട്ടി കൈകളിൽ ഏറ്റുവാങ്ങി. ഗുജറാത്തിലെ, ഏക്താ നഗർ എന്നുപേരുമാറ്റിയ കെവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിച്ചു. ചരിത്രത്തിലാദ്യമായി ന്യൂഡൽഹിക്ക് പുറത്തുള്ള ഒരു നഗരം വേദിയായ ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിലൂടെ മമ്മൂട്ടി അങ്ങനെ ചരിത്രമെഴുതി.
മമ്മൂട്ടി പുരസ്കാരം സ്വീകരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു കൈയടിച്ചു. അഭിമാനനിമിഷത്തിന് സാക്ഷിയാകാൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും സദസ്സിലുണ്ടായിരുന്നു. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടിയെ അവാർഡിന് അർഹനാക്കിയത്. 'ചന്ദു ചാമ്പ്യൻ' എന്ന സിനിമയിലെ അഭിനയത്തിന് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം അവാർഡ് പങ്കിട്ടു.
'72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയത് ജീവിതകാലം മുഴുവൻ ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന അഭിമാന നിമിഷമായിരിക്കും. വർഷങ്ങളായി എന്റെ സിനിമകൾ കാണുകയും പിന്തുണയ്ക്കുകയും ആഘോഷിക്കുകയും അവയുമായി ആത്മബന്ധം പുലർത്തുകയും ചെയ്ത നിങ്ങൾ എല്ലാവർക്കും, ഈ നിമിഷത്തിൽ എനിക്കുള്ളതുപോലെ തന്നെ പങ്കുണ്ട്. ഈ യാത്രയുടെ ഭാഗമായതിന് ഹൃദയം നിറഞ്ഞ നന്ദി.'-രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു.
മലയാളത്തിൽ നിന്ന് വൈക്കം വിജയലക്ഷ്മി(മികച്ച ഗായിക),ഷഹനാദ് ജലാൽ(ഛായാഗ്രഹണം) ഹസീബ് മുഹമ്മദ് (മികച്ച മലയാളസിനിമയായ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ)തുടങ്ങിയവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.