'പേട്രിയറ്റ്' ടീസറിൽ മമ്മൂട്ടിയും മോഹൻലാലും സ്ക്രീൻ​ഗ്രാബ്
Malayalam

മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന കാഴ്ച... 'പേട്രിയറ്റ്' പ്രതീക്ഷയിൽ ആരാധകർ

പപ്പപ്പ ഡസ്‌ക്‌

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും പതിനേഴ് വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്നതാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും.

2008-ല്‍ പുറത്തിറങ്ങിയ 'ട്വന്റി 20'-ക്ക് ശേഷം ഇരുവരും ഒരു മുഴുനീള ചിത്രത്തില്‍ ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതൊരു ഹൈ-ഒക്ടേന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചനകള്‍. രാജ്യസുരക്ഷയും ആധുനിക സാങ്കേതികവിദ്യകളും വിഷയമാകുന്ന ഒരു സ്‌പൈ ത്രില്ലറായിരിക്കും 'പേട്രിയറ്റ്'.

പേട്രിയറ്റ് രണ്ടു സൂപ്പര്‍താരങ്ങളുടെ ഒത്തുചേരല്‍ മാത്രമല്ല. മലയാളത്തിലെ വന്‍താരനിര തന്നെ ഇതില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ മികവ് തെളിയിച്ച സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്.

മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുമ്പോള്‍ രണ്ടുപേരുടെയും മാസ് പെര്‍ഫോമന്‍സ് ആണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുമ്പെങ്ങും കാണാത്ത ആക്ഷന്‍ വിരുന്നായിരിക്കും പേട്രിയറ്റ് സമ്മാനിക്കുക. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഒരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമയായിരിക്കും പേട്രിയറ്റ്.

'പേട്രിയറ്റി'ൽ മമ്മൂട്ടിയും മോഹൻലാലും

ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി ആദ്യവാരം പൂര്‍ത്തിയായി. ഏപ്രിലില്‍ വിഷു റിലീസായി ചിത്രം ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കോമ്പിനേഷന്‍ രംഗങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിപ്പു തുടരുകയാണ്.