മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ എൻ്റർടെയ്നറിന്റെ ടൈറ്റിൽ പുറത്ത്. 'മേള' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മമ്മൂട്ടിയുടെ ജന്മദിനത്തിൽ രാത്രി 12ന് ആണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒമ്പതാം ചിത്രമാണിത്.
മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രം 2027 ൽ തിയേറ്ററുകളിലെത്തും.
ജിംഷി ഖാലിദ് ആണ് ക്യാമറ. ജൂലായ് അവസാനം ആരംഭിച്ച ചിത്രീകരണം ഇപ്പോൾ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. ഗംഭീര മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായാണ് 'മേള' ഒരുങ്ങുന്നത്.
മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ഫാലിമി' എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.
'കളങ്കാവൽ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും 'മേള' കാത്തിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഒ.ബി, പ്രൊജക്ട് ഡിസൈനർ - അഗ്നിവേശ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ- ബ്ലെസ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, ആക്ഷൻ- കാർത്തികേയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, സലാം, കോസ്റ്റ്യൂം ഡിസൈൻ - മെൽവി ജെ, അഭിജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ -തൗഫീഖ് ഹുസൈൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർമാർ- ആഷിഖ് സലാം, ഋത്വിക് ലിമ രാമദാസ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റർ - യെല്ലോടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഇതിന് മുമ്പ് ഇതേ പേരിലുള്ള ചിത്രമാണ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. കെ.ജി.ജോർജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ അതിൽ സർക്കസ് കലാകാരന്മാരുടെ ജീവിതമായിരുന്നു പശ്ചാത്തലം.