നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ എൻ്റർടെയ്നർ ചിത്രത്തിൻ്റെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒമ്പതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത് എന്നാണ് സൂചന. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലായ് അവസാനം ആണ് ചിത്രത്തിൻ്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയിൽ ആരംഭിച്ചത്.
ഗംഭീര ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായാണ് ഇതൊരുങ്ങുന്നത് എന്നാണ് സൂചന. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിൻ്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. 'കളംകാവൽ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
'ഫാലിമി' എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. നിതീഷിന്റെ രണ്ടാമത്തെ മലയാളചിത്രം എന്ന നിലയിലും ഈ പ്രോജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, പ്രൊജക്റ്റ് ഡിസൈനർ - അഗ്നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ- ബ്ലെസ്, പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റും - മെൽവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.