ഹനീഫയുടെ മക്കളെ 'വാത്സല്യ'ത്തോടെ ചേർത്തുപിടിച്ച് മമ്മൂട്ടി,ഓർമയിൽ ആ സൗഹൃദകാലം

കൊച്ചിൻ ഹനീഫയുടെ മക്കളായ സഫയ്ക്കും മർവയ്ക്കുമൊപ്പം മമ്മൂട്ടി
കൊച്ചിൻ ഹനീഫയുടെ മക്കളായ സഫയ്ക്കും മർവയ്ക്കുമൊപ്പം മമ്മൂട്ടിഫോട്ടോ-അറേഞ്ച്ഡ്
Published on

മമ്മൂട്ടിയുടെയും അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെയും സൗഹൃദത്തിന്റെ ഓർമ വീണ്ടും മലയാളികളുടെ മനസിലേക്ക് എത്തുന്നു. ഹനീഫയുടെ കുടുംബം പുതുതായി പണിത വീട്ടിലേക്കുള്ള മമ്മൂട്ടിയുടെ വരവ് കാലത്തിന് മായ്ക്കാനാകാത്ത ഒരു ബന്ധത്തിന്റെ അടയാളമായി മാറി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂക്ക കൊച്ചി വെണ്ണലയിലുള്ള കൊച്ചിൻ ഹനീഫാസ് എ.ബി മൻസിലിൽ എത്തിയത്.

Must Read
'ഗംഗാധരന്‍ മുതലാളി ഫയര്‍ ആണെങ്കില്‍ രമണന്‍ വൈല്‍ഡ് ഫയര്‍ ആണ്'
കൊച്ചിൻ ഹനീഫയുടെ മക്കളായ സഫയ്ക്കും മർവയ്ക്കുമൊപ്പം മമ്മൂട്ടി

16 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും മക്കളും ചേര്‍ന്ന് തങ്ങളുടെ സ്വപ്നഭവനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വെണ്ണലയിലെ വീട്ടില്‍ ഗൃഹപ്രവേശനച്ചങ്ങ്. ചെന്നൈയിൽ ഷൂട്ടിങ്ങിലായിരുന്നതിനാൽ മമ്മൂട്ടിക്ക് അതിൽ പങ്കെടുക്കാനായില്ല. പക്ഷേ ഷൂട്ടിങ് പൂർത്തിയാക്കി കൊച്ചിയിലെത്തിയതിന്റെ രണ്ടാംനാൾ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം പഴയ സുഹൃത്തിന്റെ വീട്ടിലെത്തി.

കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില, മക്കളായ സഫ, മർവ എന്നിവർക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും
കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില, മക്കളായ സഫ, മർവ എന്നിവർക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തുംഫോട്ടോ-അറേഞ്ച്ഡ്

കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസിലയുമായും മക്കളായ സഫ, മർവ എന്നിവരുമായി ഏറെനേരം സംസാരിച്ച മമ്മൂട്ടി, ഹനീഫയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന പുതിയ വീടുമുഴുവന്‍ നടന്നു കണ്ടു. കുട്ടികള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത ശേഷമാണ് മമ്മൂട്ടിയും സുല്‍ഫത്തും അവിടെനിന്ന് മടങ്ങിയത്.

മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ക്കൊപ്പം തന്നെ കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത 'വാത്സല്യം' ഉള്‍പ്പെടെയുള്ള സിനിമകളും പ്രേക്ഷകമനസില്‍ എന്നും ഓര്‍മിക്കപ്പെടുന്നവയാണ്. കേവലം സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം സഹോദരതുല്യമായ ആത്മബന്ധമാണ് ഇരുവരും തമ്മില്‍ പുലര്‍ത്തിയിരുന്നത്. ഹനീഫയുടെ വേര്‍പാടിന്റെ സമയത്ത് കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടിയുടെ ഓര്‍മകള്‍ അടുത്തിടെ നടന്‍ മുകേഷും അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രിയ സുഹൃത്തിന്റെ കുടുംബത്തോടുള്ള മമ്മൂട്ടിയുടെ സ്‌നേഹവും കരുതലും വീണ്ടും തെളിയിക്കുന്നതാണ് ഈ സൗഹൃദ സന്ദര്‍ശനം.

കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില,മമ്മൂട്ടി, ഭാര്യ സുൽഫത്ത്
കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില,മമ്മൂട്ടി, ഭാര്യ സുൽഫത്ത്ഫോട്ടോ-അറേഞ്ച്ഡ്

മലയാള സിനിമയില്‍ വലിയൊരു സൗഹൃദത്തിന്റെ അടയാളപ്പെടുത്തലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി സഹോദരതുല്യമായ വലിയൊരു ആത്മബന്ധം സൂക്ഷിച്ചിരുന്ന ഇരുവരും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ്.

കൊച്ചിന്‍ ഹനീഫയിലെ മികച്ച സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു 1993-ല്‍ പുറത്തിറങ്ങിയ 'വാത്സല്യം'. ലോഹിതദാസിന്റെ രചനയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രം കുടുംബബന്ധങ്ങളുടെ വൈകാരികത തൊട്ടറിഞ്ഞ ഒന്നായിരുന്നു. 'മേലേടത്ത് രാഘവന്‍ നായര്‍' എന്ന കഥാപാത്രമായി മമ്മൂട്ടി ജീവിച്ചപ്പോള്‍ 'വാത്സല്യം' മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി മാറി. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 'വാത്സല്യം', 'വിധേയന്‍', 'പൊന്തന്‍മാട' എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയെ തേടിയെത്തി.

മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ
മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൊച്ചിൻ ഹനീഫയുടെ വീട്ടിൽഫോട്ടോ-അറേഞ്ച്ഡ്

ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ സീരിയസ് വേഷങ്ങള്‍ മുതല്‍ ചിരി പടര്‍ത്തിയ കോമഡി കഥാപാത്രങ്ങള്‍ വരെ ഉള്‍പ്പെടുന്നു. രാജമാണിക്യത്തിലെ വര്‍ഗീസ്, തുറുപ്പുഗുലാനിലെ രാമന്‍ കര്‍ത്ത, അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. കേവലം സിനിമയ്ക്കപ്പുറം വ്യക്തിജീവിതത്തിലും ഇരുവരും വച്ചുപുലര്‍ത്തിയ സ്‌നേഹബന്ധം സിനിമാലോകത്ത് എന്നും മാതൃകയായി ഓര്‍മിക്കപ്പെടുന്നു.

മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും
മമ്മൂട്ടിയും കൊച്ചിൻ ഹനീഫയുംഫോട്ടോ-അറേഞ്ച്ഡ്

തന്റേതായ ശൈലി കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് കൊച്ചിന്‍ ഹനീഫ. ഹാസ്യനടന്‍, വില്ലന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളത്തിലും തമിഴിലും അദ്ദേഹം നിറഞ്ഞുനിന്നു. കൊച്ചിയിലെ വിവിധ സമിതികളിലൂടെ മിമിക്രിയും നാടകവും കളിച്ചാണ് ഹനീഫ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

1970-കളില്‍ സിനിമാലോകത്തേക്ക് എത്തുമ്പോള്‍ പ്രധാനമായും ഗൗരവമുള്ള വില്ലന്‍ കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. അക്കാലത്തെ മുന്‍നിര നായകന്മാരുടെ വില്ലനായി കടുപ്പമുള്ള നോട്ടവും തനതായ ശബ്ദവും കൊണ്ട് കൊച്ചിന്‍ ഹനീഫ തിളങ്ങി. സിനിമകളില്‍ സഹനടനായും വില്ലനായും നിറഞ്ഞാടിയ അദ്ദേഹം എണ്‍പതുകളില്‍ മുന്‍നിര സ്വഭാവനടന്മാരില്‍ ഒരാളായി മാറി.

കൊച്ചിൻ ഹനീഫ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം(പഴയകാലചിത്രം)
കൊച്ചിൻ ഹനീഫ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം(പഴയകാലചിത്രം)കടപ്പാട്-ഇൻസ്റ്റ​ഗ്രാം

വെറുമൊരു നടന്‍ മാത്രമായിരുന്നില്ല അദ്ദേഹം, മികച്ച കഥാകൃത്തും സംവിധായകനുമായിരുന്നു. 1980-കളില്‍ സംവിധാനരംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കൊച്ചിന്‍ ഹനീഫയുടെ അഭിനയജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍നിന്ന് പൂര്‍ണമായും മാറി, പകരം ഹാസ്യ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ കയ്യിലെടുത്തു.

'പഞ്ചാബി ഹൗസി'ലെ ഗംഗാധരന്‍ മുതലാളി, 'സിഐഡി മൂസ'യിലെ പോലീസുകാരന്‍, 'മീശമാധവനി'ലെ നാട്ടുമ്പുറത്തെ രാഷ്ട്രീയക്കാരന്‍, 'പാണ്ടിപ്പട'യിലെ പലിശക്കാരന്‍, 'ഈ പറക്കുംതളിക'യിലെ പോലീസ് ഉദ്യോഗസ്ഥന്‍ അങ്ങനെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. 2010 ഫെബ്രുവരി 2-ന് അമ്പത്തെട്ടാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍, മലയാള സിനിമയ്ക്ക് നഷ്ടമായത് പകരക്കാരനില്ലാത്ത നടനെയാണ്.

Pappappa
pappappa.com