മമ്മൂട്ടി ഫോട്ടോ- അറേഞ്ച്ഡ്
Malayalam

കാത്തിരുന്ന ദിനമെത്തി; ഒക്ടോബർ ഒന്നിന് മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തിരികെയെത്തുന്നു. മഹേഷ് നാരായണന്റെ ചിത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ അദ്ദേഹം വീണ്ടും അഭിനയിച്ചുതുടങ്ങും. ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിൽ അഭിനയിക്കാനെത്തുന്ന മമ്മൂട്ടി തുടർന്ന് യു.കെ. ഷെഡ്യൂളിലുമുണ്ടാകും. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി വീണ്ടും അഭിനയിക്കാനെത്തുന്ന വിവരം അറിയിച്ചത്. മോഹൻലാൽ,ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ,നയൻതാര തുടങ്ങി വൻതാരനിര അണിനിരക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്.

മഹേഷ് നാരായണൻ,കുഞ്ചാക്കോബോബൻ,മമ്മൂട്ടി,മോഹൻലാൽ

ആന്റോ ജോസഫിന്റെ കുറിപ്പിന്റെ പൂർണരൂപം:' പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ,ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹൻലാൽ ശ്രീലങ്കയില്‍ തിരിതെളിച്ചതോടെയാണ് തുടക്കമായത് ,

ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് എന്നിവരും മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.