മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യോത്സം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുന്നതിനിടെ മമ്മൂട്ടി തനിക്ക് മമ്മൂട്ടിയെന്നുപേരിട്ട ശശിധരൻ എന്ന സഹപാഠിയെ സദസ്സിന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

മഹാരാജാസ് ഓർമകളുടെ മര​ഗോവണികളിലൂടെ വീണ്ടും മമ്മൂട്ടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യോത്സവം കൊച്ചി സുഭാഷ് പാർക്കിൽ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പ്രസം​ഗിക്കുമ്പോൾ അരികെ കൊച്ചിക്കായലും അദ്ദേഹം പഠിച്ച മഹാരാജാസ് കോളേജും ലോ കോളേജുമല്ലാം അതിന് സാക്ഷിയായി. അതുകൊണ്ടുതന്നെ വൈകാരികമായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഷണ്മുഖം റോഡിലെ പഴയ അരമതിലിന്റെ ഓർമകളിൽ നിന്ന് തുടങ്ങിയ അദ്ദേഹം മഹാരാജാസിന്റെ ഇടനാഴികളിലൂടെ വാക്കുകൾക്കൊപ്പം നടന്നു. തനിക്ക് മമ്മൂട്ടിയെന്ന് പേരിട്ട സഹപാഠിയിലെ വിളിച്ച് വേദിയിൽ കയറ്റി സദസ്സിന് പരിചയപ്പെടുത്തി. അക്ഷരശുദ്ധിപഠിപ്പിച്ച ലീലാവതി ടീച്ചറെപ്പോലെയുള്ളവരെ പ്രണമിച്ചു. സർക്കാരിന്റെ നേതൃത്വത്തിൽ വിവിധകലകൾക്കായി ഉത്സവങ്ങൾ സംഘടിപ്പിക്കണമെന്ന കാതലായ നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

മമ്മൂട്ടിയുടെ പ്രസം​ഗത്തിൽ നിന്ന്:

കേരളത്തെ വിശേഷിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല വാക്ക് ഉദ്യാനമാണ്. പലതരം പൂക്കളെ പോലെ പലതരം മനുഷ്യർ ജീവിക്കുന്ന ഉദ്യാനം. ആ സഹവർത്തിത്വമാണ് നമ്മുടെ ഏറ്റവും വലിയ സോഷ്യൽ ക്യാപ്പിറ്റൽ. എന്നെപ്പറ്റി പല ആരോപണങ്ങളുണ്ട്. അഹങ്കാരി, തലക്കനമുള്ളയാൾ അങ്ങനെ പലതും. പലരും എന്നെ അങ്ങനെ വിളിച്ചിട്ടുമുണ്ട്. പക്ഷേ എനിക്ക് ഒരു രോഗാവസ്ഥ ഉണ്ടായപ്പോൾ എനിക്ക് വേണ്ടി പ്രാർഥിച്ചവരിൽ അവരുമുണ്ടായിരുന്നു. അതാണ് ജീവിതത്തിന്റെ നന്മ.

ഷണ്മുഖം റോഡിലെ അരമതിലിലിരുന്ന്-ഇപ്പോൾ അതില്ല- ആ നോവൽ വായിച്ചപ്പോൾ ഞാനും അതിലെ കഥാപാത്രമാണന്ന് തോന്നിയിട്ടുണ്ട്. ആ അരമതിലിലിരുന്നവരിലൊരാൾ ഞാനും എന്റെ സുഹൃത്തുക്കളുമാണന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ സ്വാധീനിച്ച എറണാകുളം അടിസ്ഥാനമാക്കിയ കഥയില്ല. ഒരുപക്ഷേ അത് അർഹിക്കുന്ന തരത്തിൽ അം​ഗീകരിക്കപ്പെട്ടോ എന്നുപോലും എനിക്ക് തോന്നിയിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം പോലെ എറണാകുളത്തിന്റെ ഇതിഹാസമായി ലന്തൻബത്തേരിയിലെ ലുത്തിനിയകളെ ഉപമിക്കാവുന്നതേയുള്ളൂ. എറണാകുളത്തിന്റെ ഭാഷ സംസാരിക്കുന്ന നോവലാണത്.

മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യോത്സം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുന്നതിനിടെ മമ്മൂട്ടി തനിക്ക് മമ്മൂട്ടിയെന്നുപേരിട്ട ശശിധരൻ എന്ന സഹപാഠിയെ സദസ്സിന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. ഇതുകണ്ട് എഴുന്നേറ്റുനില്കുന്ന ശശിധരൻ

നമ്മുടെ നാട്ടിൽ ഇത്തരം സാഹിത്യോത്സവങ്ങൾ ​ഗവൺമെന്റ് തലത്തിലും നടത്താവുന്നതേയുള്ളൂ. എന്റെ മഹാരാജാസ് കാലത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം ആണ് സാഹിത്യോത്സവം നടത്തിയിരുന്നത്. ഞാനന്ന് ഒരു വാളന്റിയർ ബാഡ്ജിന് ശ്രമിച്ച്,ഒരെണ്ണം കിട്ടി. മൂന്നുദിവസമാണ് സമ്മേളനം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം കിട്ടും,നല്ലനല്ല പ്രസം​ഗങ്ങളും കേൾക്കാം. അത് ഇനിയും ആവർത്തിക്കാവുന്നതേയുള്ളൂ. പല സാഹിത്യകാരന്മാരുടെയും പേരുകൾ പറയുമ്പോഴും പല സാഹിത്യകൃതികളുടെയും പേരുകൾ പറയുമ്പോഴും ഈ തലമുറയിലെ കുട്ടികൾക്ക് മനസ്സിലാകാതെ പോകുന്ന അവസ്ഥയുണ്ടിപ്പോൾ. അവരെ ഒന്നുകൂടി ഓർമിപ്പിക്കാനും എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കാനും ഇത് ഉതകും. സാഹിത്യോത്സവങ്ങൾ മാത്രമല്ല,നാടകോത്സവങ്ങളും മറ്റ് എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുന്ന ഉത്സവങ്ങൾ ഈ സർക്കാർ മുൻകൈയെടുത്ത് നടത്തിയാൽ നന്നാകും.

മമ്മൂട്ടി തനിക്ക് ആ പേരിട്ട മഹാരാജാസ് കോളേജിലെ സഹപാഠി ശശിധരനൊപ്പം ഹോർത്തൂസ് വേദിയിൽ

ഞാൻ മഹാരാജാസിലാണ് പഠിച്ചത്. മഹാരാജാസ് എന്നുപറയുമ്പോൾ എനിക്കുണ്ടാകുന്ന ഉൾപ്പുളകം അവിടെപഠിച്ച എല്ലാവർക്കും ഉണ്ടാകും. മഹാരാജാസ് കോളേജ് ഒരു കോളേജല്ല,ഒരു വികാരമാണ്. എന്റെ കൂടെ പഠിച്ചവർ പത്തുപതിനായിരംവരും. മൂന്നുകൊല്ലം മഹാരാജാസിലും മൂന്നുകൊല്ലം ലോകോളേജിലും ഞാൻ പഠിച്ചു. ആ ആറുകൊല്ലവും ഞാൻ മഹാരാജാസിൽ തന്നെയായിരുന്നു. അവിടെയാണ് കൂടുതൽ വർണങ്ങളുണ്ടായിരുന്നത് എന്നതുകൊണ്ടാണത്. ഈ ആറുകൊല്ലവും കൂടെ പഠിച്ചവരുടെ കണക്കുനോക്കിയാൽ ഞാൻ പറഞ്ഞ അത്രയുംവരും. അവരെല്ലാവരും എന്നെ അറിയാവുന്ന അത്രയും കോമാളിത്തരങ്ങൾ ഞാൻ കാണിച്ചിട്ടുണ്ട്.

മമ്മൂട്ടി തനിക്ക് ആ പേരിട്ട മഹാരാജാസ് കോളേജിലെ സഹപാഠി ശശിധരനൊപ്പം ഹോർത്തൂസ് വേദിയിൽ

മഹാരാജാസ് കോളേജാണ് എന്നിലുള്ള നടനെ വളർത്തിയത് എന്നു പറയാതിരിക്കാൻ ആകില്ല. ഈ എറണാകുളം ന​ഗരത്തിന്റെ മുക്കിലും മൂലയിലും ഞാൻ അഭിനയിച്ചു നടന്നിട്ടുണ്ട്. എനിക്ക് അന്ന് ബോധമില്ലായിരുന്നു,വെളിവ് ഇല്ലായിരുന്നു. അഭിനയഭ്രാന്ത് തന്നെയായിരുന്നു. ആരുടെ മുമ്പിലായാലും ശരി,ഏതുവേദിയിലായാലും ശരി,ഏത് സ്ഥലത്തായാലും ശരി എന്തെങ്കിലും​ ​ഗോഷ്ടി കാണിച്ചിട്ടേ ഞാൻ നടന്നിട്ടുള്ളൂ.

മമ്മൂട്ടി തനിക്ക് ആ പേരിട്ട മഹാരാജാസ് കോളേജിലെ സഹപാഠി ശശിധരനൊപ്പം ഹോർത്തൂസ് വേദിയിൽ

എന്റെ അക്ഷരശുദ്ധി വളർത്തിയതിൽ-ഞാൻ വളരെ ശ്രദ്ധാപൂർവമാണ് മലയാളം സംസാരിക്കുന്നത്. സിനിമയിലായാലും പുറത്തായാലും-അതിന് കാരണക്കാരി സെക്കന്റ് ഇയർ ഡി​ഗ്രിക്ക് എന്നെ പഠിപ്പിച്ച വളരെ പ്ര​ഗത്ഭരായ അധ്യാപകരിൽ ഒരാളായ ഡോ.എം.ലീലാവതി ടീച്ചറാണ്. ഒരുവാക്കിൽ നിന്നാണ് എന്റെ അക്ഷരസ്ഫുടത ഞാൻ ആദ്യമായി ശ്രദ്ധിച്ചുതുടങ്ങിയത്. ഞാൻ എന്തോ ഒരു സാഹചര്യത്തിൽ വൈസ്രവണൻ എന്നു പറഞ്ഞു. ടീച്ചർ ഒന്നുകൂടി പറയാൻ പറഞ്ഞു. ഞാൻ ആവർത്തിച്ചു-'വൈസ്രവണൻ'. ടീച്ചർ പറഞ്ഞു: 'വൈസ്രവണൻ അല്ല, വൈശ്രവണൻ...സ്ര അല്ല..ശ്ര..'അതിനുശേഷം ഞാൻ 'വൈശ്രവണൻ' എന്ന വാക്ക് തെറ്റിച്ചിട്ടില്ല. അതുപോലെ 'ശ്ര' വരുന്ന 'ശ്രദ്ധ','വിശ്രമം' തുടങ്ങിയ വാക്കുകളും. ടീച്ചറെക്കൂടി ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. അതുപോലെ സാനുമാഷിനെയും.

മമ്മൂട്ടി തനിക്ക് ആ പേരിട്ട മഹാരാജാസ് കോളേജിലെ സഹപാഠി ശശിധരനൊപ്പം ഹോർത്തൂസ് വേദിയിൽ

അതുപോലെ ഒരുപാട് നല്ല അധ്യാപകരുടെ ഏറ്റവും മോശം വിദ്യാർഥിയായിരുന്നു ഞാൻ. പക്ഷേ ഇങ്ങനെയൊരു വേദിയിലെത്താൻ മാത്രം അവരുടെ അനു​ഗ്രഹവും ആശിസ്സുകളും എനിക്കുണ്ടായിട്ടുണ്ട്. സന്തോഷം.