'ക്യാമറ വിളിക്കുന്നു...'ഈ വാക്കുകൾ കുറിച്ച്,മമ്മൂട്ടി വീണ്ടും അഭിനയത്തിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനായി അദ്ദേഹം ഹൈദ്രാബാദിലെത്തി. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ ഒന്നിന് അദ്ദേഹം വീണ്ടും കഥാപാത്രത്തിന്റെ ചമയങ്ങളണിയും.
ഹൈദ്രാബാദിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ടി.വി.ചാനലുകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും ലോകമെങ്ങുമെത്തി. ഭാര്യ സുൽഫത്ത്,ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ്,മാനേജർ എസ്.ജോർജ് തുടങ്ങിയവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
ഹൈദ്രാബാദിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അദ്ദേഹത്തെ കാത്തുനിന്നിരുന്നു. മമ്മൂട്ടിയുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങുന്ന അനുരാഗ് കശ്യപിന്റെ വീഡിയോ ആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഹൈദ്രാബാദിലെത്തിയശേഷം യാത്രയ്ക്ക് തൊട്ടുമുമ്പ് വീട്ടിൽനിന്ന് പകർത്തിയ ചിത്രത്തോടൊപ്പം മമ്മൂട്ടി സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു: 'ജീവിതത്തിൽ ഞാൻ ഏറ്റുവുമധികം ചെയ്യാനാഗ്രഹിക്കുന്നതിലേക്ക് തിരികെ;ചെറിയൊരു ഇടവേളയ്ക്ക് ശേഷം. എന്റെ അസാന്നിധ്യത്തിൽ ഒപ്പം നിന്നവരോട് നന്ദി പറയാൻ വാക്കുകൾ മതിയാകില്ല. ക്യാമറ വിളിക്കുന്നു...'
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിൽ അഭിനയിച്ചുതുടങ്ങുന്ന മമ്മൂട്ടി തുടർന്ന് യു.കെ.ഷെഡ്യൂളും പൂർത്തിയാക്കിയ ശേഷമാകും കേരളത്തിലെത്തുക. മോഹൻലാൽ,ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ,നയൻതാര തുടങ്ങി വൻതാരനിര അണിനിരക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്.