'ഭ്രമയു​ഗ'ത്തിൽ മമ്മൂട്ടി ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'ഭ്രമയുഗം' ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും; ഇന്ത്യന്‍ സിനിമയിൽ ഇതാദ്യം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലോകസിനിമയില്‍ മലയാളത്തിന്റെ തിലകക്കുറിയായി മാറാനൊരുങ്ങി 'ഭ്രമയുഗം'. ഇതുവരെ ഒരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്ത അംഗീകാരമാണ് 'ഭ്രമയുഗ'ത്തെ തേടിയെത്തിയത്. ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും മാറാടിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഓസ്‌കര്‍ അക്കാദമി അംഗീകാരം. മമ്മൂട്ടിയും നിര്‍മാതാവും സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ലോസ്ഏഞ്ചൽസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. 'വെയര്‍ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ' എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഈ വിഭാഗത്തില്‍ പ്രവേശനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ഭ്രമയുഗം'. 2026 ഫെബ്രുവരി 12ന് ആണ് പ്രദര്‍ശനം. മമ്മൂട്ടിയും ചരിത്രനേട്ടം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചു. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. '2026 ഫെബ്രുവരി 12ന് ലോസ്ഏഞ്ചൽസിലെ അക്കാദമി മ്യൂസിയത്തില്‍ രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ച 'ഭ്രമയുഗം' പ്രദര്‍ശിപ്പിക്കും. ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെയാണ് അക്കാദമി മ്യൂസിയത്തിന്റെ വെയര്‍ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ- സീരീസ്' - മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

'ഭ്രമയു​ഗ'ത്തിൽ മമ്മൂട്ടി

'ഭ്രമയുഗം' എന്ന അസാധാരണ ചലച്ചിത്രാനുഭവത്തിന് മികച്ച നടനുൾപ്പെടെയുള്ള നാല് സംസ്ഥാന അവാര്‍ഡ് ആണ് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ഏഴാംതവണ മികച്ച നടനായി. കഥാപാത്രങ്ങളെ സ്വീകരിക്കുമ്പോള്‍, താന്‍ അവാര്‍ഡ് പ്രതീക്ഷിക്കാറില്ലെന്നും അതെല്ലാം സംഭവിച്ച് പോകുന്നതാണെന്നും അവാര്‍ഡ് നേട്ടത്തിനുശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഭ്രമയുഗ'ത്തിലെ കഥയും കഥാപാത്രവും വളരെ വ്യത്യസ്തമായിരുന്നു. തന്റെ അഭിനയ ജീവിതം ഒരു യാത്രയാണ്, കൂടെ നടക്കാന്‍ ഒത്തിരി പേര്‍ ഉണ്ടാകും, എല്ലാവരെയും ഒപ്പം കൂട്ടണം'- മമ്മൂട്ടി പറഞ്ഞു.