മധുബാല 'ചിന്ന ചിന്ന ആശൈ'യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ, 'യോദ്ധ'യിലെ 'കുനു കുനേ' എന്ന​ ​ഗാനരം​ഗത്തിൽ മധുബാല സ്ക്രീൻ​ഗ്രാബ്
Malayalam

'ആ നടുക്കുന്ന സന്ധ്യയില്‍ ലാലേട്ടന്‍ രക്ഷകനായി അവതരിച്ചു': 'യോദ്ധ'ഓര്‍മകളിൽ മധുബാല

പപ്പപ്പ ഡസ്‌ക്‌

മലയാളികള്‍ക്കു മറക്കാനാകാത്ത സിനിമയാണ് 'യോദ്ധ'. ചിത്രത്തിലെ അശോകനും അശ്വതിയും ഇന്നും ആസ്വാദകരുടെ മനസിലുണ്ട്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ സംഗീത് ശിവന്‍ ഒരുക്കിയ ദൃശ്യവിരുന്നിന്റെ ഷൂട്ടിംഗിനിടയില്‍, ക്യാമറയ്ക്കു പിന്നില്‍ നടന്ന ഭീതിജനകമായ സംഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക മധുബാല. നേപ്പാളിലെ ചിത്രീകരണത്തിനിടയില്‍ ജനക്കൂട്ടത്തിനിടയില്‍നിന്ന് മോഹന്‍ലാല്‍ തന്നെ രക്ഷിച്ച പഴയ ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ ഇന്നും മധുബാലയുടെ വാക്കുകളില്‍ ആ സുരക്ഷിതത്വത്തിന്റെ നന്ദിയുണ്ട്.

തന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആശൈ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് താരം 'യോദ്ധ'യിലെ ഓര്‍മകള്‍ പങ്കുവച്ചത്. മണിരത്‌നത്തിന്റെ 'റോജ'യിലൂടെ ഇന്ത്യന്‍ സിനിമയുടെ ഹൃദയം കവര്‍ന്ന മധുബാല ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രമായിരുന്നു 'യോദ്ധ'. കരിയറിന്റെ തുടക്കകാലമായതിനാല്‍, അച്ഛനെ കൂടാതെ ഒരു മാസം മുഴുവന്‍ വിദേശത്ത് താമസിക്കുന്നത് താരത്തിന് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

'കുനു കുനേ' എന്ന​ ​ഗാനരം​ഗത്തിൽ മോഹൻലാലും മധുബാലയും

'കടുത്ത ഹോംസിക്നെസ് ഉണ്ടായിരുന്നു. പക്ഷേ 'റോജ'യില്‍ ഒപ്പമുണ്ടായിരുന്ന ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ വലിയൊരു ആശ്വാസമായി. എനിക്കു വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയും സംസാരിച്ചും അദ്ദേഹം എന്നെ സങ്കടങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി. മലയാളം അറിയില്ലായിരുന്നിട്ടും ലാലേട്ടനും ചിത്രത്തിലെ മറ്റുള്ളവരും എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണു നോക്കിയത്'-മധുബാല പറഞ്ഞു.

മധുബാല

ചിത്രത്തിലെ ഏറെ ജനപ്രിയമായ 'കുനു കുനേ...' എന്ന പ്രണയഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അണിയറക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. നേപ്പാളിലെ പുരാതനമായ ക്ഷേത്രപരിസരത്തായിരുന്നു ചിത്രീകരണം. വൈകുന്നേരമായാല്‍ മദ്യപാനികളുടെ ശല്യമുള്ള സ്ഥലമായിരുന്നു അത്. അണിയറപ്രവര്‍ത്തകര്‍ക്ക് അതൊന്നും അറിയില്ലായിരുന്നു. ഡാന്‍സ് ചെയ്തുകൊണ്ടിരുന്ന മധുബാല പെട്ടെന്നാണ് താഴെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഭാവമാറ്റം ശ്രദ്ധിച്ചത്. അവരില്‍ പലരും മദ്യലഹരിയിലായിരുന്നു.

'യോദ്ധ'യിലെ 'കുനു കുനേ' എന്ന​ ​ഗാനരം​ഗത്തിൽ നിന്ന്

'ആള്‍ക്കൂട്ടം ക്ഷേത്രത്തിന്റെ പടികള്‍ കയറി ഞങ്ങളുടെ അടുത്തേക്കുവരുന്നത് പോലെ എനിക്കു തോന്നി. ഞാന്‍ അസിസ്റ്റന്‍സിനോട് ചോദിച്ചപ്പോള്‍ അവര്‍ പേടിക്കേണ്ട എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. എന്നാല്‍ പെട്ടെന്നാണ് സാമൂഹ്യവിരുദ്ധര്‍ തൊട്ടടുത്ത്, വെറും മൂന്നു പടികള്‍ മാത്രം അകലെയെത്തിയെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഭയന്നുപോയ ആ നിമിഷത്തിലാണ് രക്ഷകനായി ലാലേട്ടന്‍ ഇടപെട്ടത്. സാഹചര്യം കൈവിട്ടുപോകുമെന്ന് മനസിലായ ഉടന്‍ മോഹന്‍ലാല്‍ എന്റെ കൈകളില്‍ മുറുക്കിപ്പിടിച്ചു.

'യോദ്ധ'യിൽ മോഹൻലാലും മധുബാലയും

സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയിയും കൂടെയുണ്ടായിരുന്നു. അവര്‍ എന്നെയും കൊണ്ട് ആ ക്ഷേത്രപ്പടികളില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്ന ആക്രോശിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ അവര്‍ എന്നെയും കൊണ്ട് ഓടി. താഴെ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറിലേക്ക് എന്നെ സുരക്ഷിതമായി കയറ്റി. അവിടെനിന്നു നേരെ പോലീസ് സ്റ്റേഷനിലേക്കാണ് ഞങ്ങള്‍ പോയത്'-മധുബാല പറഞ്ഞു.

മധുബാല

തന്നോടൊപ്പം ഡാന്‍സ് കളിച്ച മറ്റ് പെണ്‍കുട്ടികളെയും അണിയറപ്രവര്‍ത്തകര്‍ സുരക്ഷിതമായി സ്റ്റേഷനിലെത്തിച്ചു. അത്രയും വലിയൊരു അക്രമാസക്തരായ ജനക്കൂട്ടത്തിന് നടുവിലൂടെ, ഗ്ലാമറസ് ആയ സിനിമാ കോസ്റ്റ്യൂമില്‍ ഓടിയിട്ടും ഒരാളുടെ കൈ പോലും തന്റെ ദേഹത്ത് തൊടാതെ ലാലേട്ടനും ബിജോയും കാത്തുരക്ഷിച്ച സുരക്ഷിതത്വം മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും മധുബാല കൃതജ്ഞതയോടെ ഓര്‍ത്തു പറഞ്ഞു.