

മലയാളികളുടെയും പ്രിയതാരമാണ് മധുബാല എന്ന ബോളിവുഡ് നായിക മധു. കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ അതിഥിയായി എത്തിയപ്പോള്‍ താരം പങ്കുവച്ച അനുഭവങ്ങളും അഭിപ്രായങ്ങളും ശ്രദ്ധേയമാകുകയാണ്. അഭിനയമോഹത്തിനു പിന്നാലെ പായുന്ന പുതുതലമുറയോടും, മാതാപിതാക്കളോടും താരം പങ്കുവച്ചത് ജീവിതാനുഭവങ്ങളില്‍നിന്നു ചീന്തിയെടുത്തിയ വലിയ പാഠങ്ങളാണ്.
താന്‍ സുവോളജിയില്‍ ബിരുദധാരിയാണെന്നും എന്നാല്‍, തന്റെ പഠനവിഷയം ചലച്ചിത്രജീവിതത്തില്‍ ഉപയോഗിക്കേണ്ടിവന്നിട്ടില്ലെന്നും മധുബാല തുറന്നു പറഞ്ഞു. എങ്കിലും, ആ പഠനകാലം തനിക്കു നല്‍കിയ അച്ചടക്കവും ആത്മവിശ്വാസവുമാണ് ഇന്നത്തെ വ്യക്തിത്വത്തിനു പിന്നിലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ പഠിച്ച സുവോളജി, പ്രൊഫഷനില്‍ നേരിട്ടു സഹായിക്കുന്നില്ലായിരിക്കാം. പക്ഷേ, പഠനകാലം എനിക്കു നല്‍കിയത് അച്ചടക്കമാണ്. പരാജയങ്ങളെ അഭിമുഖീകരിക്കാനും പരിശ്രമിക്കാനും പഠിച്ചത് അവിടെ നിന്നാണ്. ഞാന്‍ ഇതൊക്കെ പഠിച്ചിട്ട് എന്തിനാണ് എന്ന് ആരും ചോദിക്കരുത്. വിദ്യാഭ്യാസം നിങ്ങളെ ഒരു മികച്ച വ്യക്തിയായി മാറ്റിത്തീര്‍ക്കും...'-മധുബാല പറഞ്ഞു.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മധുബാലയെത്തേടി ചലച്ചിത്രലോകത്തുനിന്ന് അവസരമെത്തുന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വാശിപിടിച്ചെങ്കിലും അച്ഛന്‍ അതിന് സമ്മതിച്ചില്ല. അന്ന് അച്ഛന്‍ എടുത്ത ആ ഉറച്ച തീരുമാനമാണ് പിന്നീട് തന്റെ മക്കളുടെ സ്‌കൂള്‍ അപേക്ഷാഫോമില്‍ 'ഗ്രാജ്വേറ്റ്' എന്ന് അഭിമാനത്തോടെ എഴുതാന്‍ തനിക്ക് കരുത്ത് നല്‍കിയതെന്ന് മധുബാല വികാരാധീനയായി ഓര്‍ത്തെടുത്തു പറഞ്ഞു.
സാമ്പത്തിക സ്വയംപര്യാപ്തത ഏതൊരു സ്ത്രീക്കും അനിവാര്യമാണെന്ന് വിശ്വസിക്കുന്ന അമ്മയാണ് മധുബാല. തന്റെ മക്കളെയും ആ മൂല്യം പഠിപ്പിച്ചാണ് വളര്‍ത്തിയത്. മധുവിന്റെ മൂത്തമകള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നും ഇളയ മകള്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി.
തന്റെ കാഴ്ചപ്പാടുകള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താരം ആഗ്രഹിക്കുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. മാതാപിതാക്കള്‍ മക്കളെ നയിക്കണം, പക്ഷേ അവരെ നിയന്ത്രിക്കരുത്. നമ്മളില്‍നിന്ന് വ്യത്യസ്തമായ വഴി തെരഞ്ഞെടുക്കാന്‍ മക്കള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. മക്കള്‍ നമ്മുടെ വഴി പിന്തുടരുന്നില്ല എന്ന കാരണത്താല്‍ അവരെ അകറ്റിനിര്‍ത്തരുത്. മക്കളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുക എന്നാല്‍ അവര്‍ക്ക് സ്വന്തമായ വ്യക്തിത്വത്തോടെ ജീവിക്കാന്‍ അനുവാദം നല്‍കുക എന്നതാണെന്ന് മധുബാല പറയുന്നു.