മലയാളത്തിന്റെ പ്രിയ നടി ലെനയും ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായി നടന്ന ചടങ്ങിലെ പ്രധാന ആകര്‍ഷണം ലെനയുടെ അമ്മയുണ്ടാക്കിയ സ്‌പെഷ്യല്‍ കേക്ക് ആയിരുന്നു. രുചികരമായ കേക്ക് തയാറാക്കുന്നതില്‍ വിദഗ്ധയായ ലെനയുടെ അമ്മ, മകള്‍ക്കും മരുമകനുമായി ഏറെ പ്രത്യേകതകളുള്ള ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്ക് ആണ് തയാറാക്കിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ചും മധുരം പങ്കുവച്ചും ആഘോഷിക്കുന്ന വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം ഏകദേശം 14 വര്‍ഷത്തോളം സിംഗിള്‍ ലൈഫ് നയിച്ച ലെന, 2024 ജനുവരി 17ന് ആണ് പ്രശാന്ത് ബാലകൃഷ്ണൻ നായരെ വിവാഹം കഴിച്ചത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ മിഷൻ അംഗമാണ് ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. വിവാഹശേഷം പത്തു മാസത്തോളം ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു ലെന.
വിവാഹത്തിനായി കരിയറില്‍ ചെറിയൊരു ഇടവേള എടുത്തെങ്കിലും, മികച്ച വേഷങ്ങളുമായി ലെന വീണ്ടും ചലച്ചിത്രലോകത്ത് സജീവമാകുകയാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന വലതു വശത്തെ കള്ളന്‍ ആണ് റിലീസിന് ഒരുങ്ങുന്നത്.
ലെനയുടെയും പ്രശാന്തിന്റെയും വിവാഹവാര്‍ഷിക വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി സഹപ്രവര്‍ത്തകരും ആരാധകരും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.