നാസയിൽ ലെന; ആകാശത്തോളം ഉയരെ അഭിമാനമെന്ന് താരം
അമേരിക്കയിലെ നാസ സ്പേസ് സെന്‍ററിലെ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയനടി ലെന. നാസയിലേത് മനോഹരമായ അനുഭവമായിരുന്നുവെന്ന് ചിത്രങ്ങൾ പങ്കുവച്ച് ലെന കുറിച്ചു. ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആക്സിയം 4 ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു. പ്രതികൂല സാഹചര്യമുണ്ടായാൽ ശുഭാംശു ശുക്ലയ്ക്കു പകരക്കാരനായി പ്രശാന്ത് ആയിരുന്നു ബഹിരാകാശസഞ്ചാരിയാകേണ്ടിയിരുന്നത്.
ശുഭാംശുവിനുള്ള പരിശീലനങ്ങൾ പ്രശാന്തിനും ലഭിച്ചിരുന്നു. പത്തുമാസമായി പ്രശാന്ത് നാസയിലും സ്പേസ് എക്സിലും പരിശീലനത്തിലായിരുന്നു. ആക്സിയം-4 സംഘാംഗങ്ങൾ പറന്നുയരുന്നതുവരെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ പ്രശാന്ത് ഉണ്ടായിരുന്നു.
കെന്നഡി സ്പേസ് സെന്ററിൽനിന്ന് പ്രശാന്ത് ചിത്രീകരിച്ച വീഡിയോ ലെന സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വീഡിയോയിൽ സ്പേസ് സെന്‍ററിലെ അനുഭവങ്ങൾ പ്രശാന്ത് പറഞ്ഞിരുന്നു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്നും ലെന പറഞ്ഞു. പ്രിയതാരത്തിന്‍റെ ചിത്രത്തിനു നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തു.

