ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കോട്ടയം ബെൽറ്റി'ന്റെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് പാക്കപ്പ് വിവരം പങ്കുവെച്ചത്. കേരളത്തിലെ കിഴക്കൻ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോർട്ട്.
ഒരു ക്രിസ്ത്യൻ സമുദായത്തിൽ ഏറെ സ്വാധീനമുള്ള നാല് സഹോദരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. സുരേഷ് ഗോപാലൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ട് ക്രിയേറ്റീവ് ഇൻപുട്ടുകൾ നൽകിയിട്ടുണ്ട്. തൊടുപുഴ, കൊച്ചി, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.
ആസിഫ് അലിയും ജിസ് ജോയിയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്. വിജയരാഘവൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, വിഷ്ണു അഗസ്ത്യ, ബോബി കുര്യൻ, അശോകൻ, പ്രേം പ്രകാശ്, ഫർഹാൻ ഫാസിൽ, ശ്രുതി രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അലൻസിയർ, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, വിനീത്, സാൻഡ്ര ചന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ബിനേന്ദ്ര മേനോൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം. ഡ്രീംകാച്ചർ പ്രൊഡക്ഷൻസ്, കാളിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.