സിബി മലയിൽ,മോഹൻലാൽ,ലോഹിതദാസ് എന്നിവർക്കൊപ്പം കിരീടം ഉണ്ണി(ഇടത്തേയറ്റം) ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

23 ദിവസം, 23.5 ലക്ഷം...'കിരീടം' വച്ചൊരു വിജയകഥയ്ക്ക് പിന്നിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ദൃശ്യാനുഭവങ്ങളിലൊന്നായ 'കിരീടം' ഡിജിറ്റല്‍ പുതുമകളോടെ റീ-റിലീസിന് ഒരുങ്ങുകയാണ്. ജൂലായ് 10-ന് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. സേതുമാധവന്റെ രണ്ടാം വരവിന് അവർ കാത്തിരിക്കെ, ചിത്രത്തിന്റെ നിര്‍മാണച്ചെലവിനെക്കുറിച്ചും കളക്ഷനെക്കുറിച്ചും നിര്‍മാതാവ് എന്‍. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി) പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

വെറും 23 ദിവസം കൊണ്ടാണ് 'കിരീട'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഏകദേശം 23.5 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ആകെ നിര്‍മാണച്ചെലവ്. ചിത്രം ഔട്ടറേറ്റ് ബിസിനസ് ആയി വിതരണക്കാര്‍ക്ക് നല്‍കിയതിനാല്‍ കൃത്യമായി എത്ര തുക കളക്ഷന്‍ ലഭിച്ചു എന്ന് നിര്‍മാതാക്കള്‍ക്ക് അറിയില്ലായിരുന്നു. സിനിമയില്‍ ലാഭത്തിന്റെ പിന്നാലെ ഓടുന്നതിനേക്കാള്‍ നല്ലൊരു വിഷയം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിരീടം ഉണ്ണി

പിന്നീട് കിരീടത്തിന്റെ രണ്ടാം ഭാഗമായി 'ചെങ്കോല്‍' നിര്‍മിച്ചെങ്കിലും ആദ്യ ചിത്രത്തിന്റെ അത്രയും കളക്ഷന്‍ നേടാന്‍ അതിനായില്ല. എങ്കിലും ചെങ്കോലിനും മികച്ച അഭിപ്രായമാണ് ലഭിച്ചതെന്ന് കൃഷ്ണകുമാര്‍ ഓര്‍ത്തെടുത്തു.

കിരീടം ഉണ്ണി ലോഹിതദാസിനൊപ്പം

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീടം' കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് നിര്‍മിച്ചത്. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ടിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് ചിത്രം സമ്മാനിച്ചത്. ജോണ്‍സന്റെ സംഗീതവും എസ്. കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റുകൂട്ടി.

'കിരീടം' ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ

തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ്(കീരിക്കാടന്‍ ജോസ്) തുടങ്ങിയ അന്തരിച്ച പ്രതിഭകളുടെ സാന്നിധ്യം റീ-റിലീസിലൂടെ വീണ്ടും തിയേറ്ററുകളില്‍ കാണാനാകുമെന്നത് പ്രേക്ഷകര്‍ക്ക് ഏറെ വൈകാരികമായ അനുഭവമായിരിക്കും.