മമ്മൂട്ടിയെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പ്രഖ്യാപിച്ച സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ പിന്മാറി. നിർമാതാവ് ഷെരീഫ് മുഹമ്മദുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാരണം. ഖാലിദ് റഹ്മാൻ സ്വന്തം നിർമാണക്കമ്പനിയുടെ ബാനറിൽ ഇനി മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കും. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് നല്കിയ ഡേറ്റിൽ മമ്മൂട്ടി തന്നെ നായകനായി മറ്റൊരു ചിത്രവുമുണ്ടാകും. ഇതിന്റെ സംവിധായകനെ വരും ദിവസങ്ങളിൽ തീരുമാനിക്കും. ഫലത്തിൽ മമ്മൂട്ടി നായകനാക്കി പ്രഖ്യാപിക്കപ്പെട്ട പ്രോജക്ട് അദ്ദേഹം നായകനായ രണ്ടുചിത്രങ്ങളായി മാറും.
വിവിധ ഭാഷകളിൽ നിന്നുള്ള വമ്പൻ താരങ്ങളെയും സാങ്കേതികപ്രവർത്തകരയെും അണിനിരത്തി വലിയ സ്കെയിലിലാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് മമ്മൂട്ടിച്ചിത്രം രൂപകല്പന ചെയ്തിരുന്നത്. സംഗീതസംവിധായകനായി അനിരുദ്ധ് രവിചന്ദറിനെയാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ് നിശ്ചയിച്ചത്. അനിരുദ്ധിനോട് കഥ പറയുകയും അദ്ദേഹം സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. പ്രതിഫലവും പറഞ്ഞുറപ്പിച്ചു. പക്ഷേ ഖാലിദ് റഹ്മാന് ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. ഇത്രയും വലിയ രീതിയിൽ ചെയ്യാൻ തക്ക കഥയല്ല സിനിമയുടേതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അനിരുദ്ധ് രവിചന്ദറിനെപ്പോലാരാൾക്ക് ചെയ്യാൻ മാത്രമുള്ള വലിപ്പം സിനിമയ്ക്കില്ലെന്നായിരുന്നു ഖാലിദിന്റെ നിലപാട്. പകരം സംഗീതസംവിധായകനായി വിഷ്ണു വിജയിനെ നിർദേശിക്കുകയും ചെയ്തു.
അതുപോലെ തന്നെ ഛായാഗ്രഹണം ഷൈജു ഖാലിദോ ജിംഷി ഖാലിദോ ആകണം എന്നായിരുന്നു ഖാലിദ് ആവശ്യപ്പെട്ടത്. എന്നാൽ ബോളിവുഡിലെ പ്രശസ്തനായ ക്യാമറാമാനായിരുന്നു നിർമാതാവ് ഷെരീഫിന്റെ മനസ്സിൽ. ഖാലിദ് മലയാളത്തിലെ ചില അഭിനേതാക്കളെ നിശ്ചയിച്ചപ്പോൾ അവർക്ക് പകരം അന്യഭാഷാതാരങ്ങൾ വേണമെന്ന് ഷെരീഫ് മുഹമ്മദും നിർബന്ധം പിടിച്ചു. തർക്കങ്ങൾ ഇങ്ങനെ നീണ്ടതോടെ പ്രോജക്ട് അലസുകയും ഖാലിദ് പിന്മാറുകയുമായിരുന്നു.
വമ്പൻ പ്രഖ്യാപനമായിട്ടാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്നും പ്രഖ്യാപനവേളയിൽ പറഞ്ഞിരുന്നു. കൊളംബിയൻ ഡ്രഗ് ഡീലർ പാബ്ലോ എസ്കോബാറിന്റെ ജീവിതത്തിന് സമാനമായ ഒരു അധോലോകനായകന്റെ കഥയാണ് ചിത്രത്തിന്റേത് എന്ന രീതിയിൽ തുടർന്ന് സോഷ്യൽമീഡിയചർച്ചകൾ ചൂടുപിടിക്കുകയും ചെയ്തു.
നിയോഗ്,സുഹാസ്,ഷറഫു എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ രചന. എന്നാൽ ഖാലിദ് റഹ്മാൻ പിന്മാറിയതോടെ ക്യൂബ്സ് പുതിയ സംവിധായകനൊപ്പം പുതിയ കഥയും തേടേണ്ടിവരും. പക്ഷേ നിയോഗ്,സുഹാസ്,ഷറഫു ടീമിന്റെ അതേ തിരക്കഥയിൽതന്നെയാകും ഖാലിദ് റഹ്മാന്റെ മമ്മൂട്ടിസിനിമ. ഈ ചിത്രം മമ്മൂട്ടിക്കമ്പനി നിർമിക്കുമെന്ന് ചില വാർത്തകൾ പരന്നെങ്കിലും അത് ശരിയല്ല. 'ആലപ്പുഴ ജിംഖാന' പോലെ സ്വന്തം ബാനറിലാകും ഖാലിദിന്റെ സിനിമ.