കീർത്തി സുരേഷ് ഫോട്ടോ-കീർത്തി സുരേഷ് ഫേസ്ബുക്ക് പേജ്
Malayalam

'എന്റെ ചില ചിത്രങ്ങള്‍ കണ്ട് ഞാന്‍ തന്നെ ഞെട്ടി'- 'എഐ റാക്കറ്റി'നെതിരേ കീർത്തി

പപ്പപ്പ റിപ്പോര്‍ട്ടര്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ, എഐ ഉപയോ​ഗിച്ച് മോർഫ് ചെയ്ത തന്റെ ചിത്രങ്ങളില്‍ വൈകാരികമായി പ്രതികരിച്ച് തെന്നിന്ത്യന്‍ താരവും മലയാളിയുമായ കീര്‍ത്തി സുരേഷ്. 'എഐ റാക്കറ്റി'ന് ഇരയായതില്‍ കടുത്ത അമര്‍ഷമാണ് താരം പ്രകടിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ച്, പ്രത്യേകിച്ച് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിലും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയ ഒടുവിലത്തെ സെലിബ്രിറ്റിയാണ് കീര്‍ത്തി സുരേഷ്.

ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കീര്‍ത്തി പറഞ്ഞു: 'എഐ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഇതൊരു അനുഗ്രഹവും അതേസമയം മനുഷ്യന് വലിയ ഭാരവുമായി. നല്ല കാര്യങ്ങള്‍ക്കായി സൃഷ്ടിച്ച സാങ്കേതികവിദ്യ ക്രമേണ ഏറ്റവും മോശം പ്രവൃത്തി ചെയ്യാന്‍ ഉപയോഗിക്കുന്ന തരത്തിലേക്കു തരംതാണു. സോഷ്യല്‍ മീഡിയയില്‍, പ്രത്യക്ഷപ്പെടുന്ന എന്റെ ചില ചിത്രങ്ങള്‍ കണ്ട് ഞാന്‍ തന്നെ ഞെട്ടി. പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാണുന്നതുപോലെ ഞാന്‍ ഒരിക്കലും വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. യഥാര്‍ഥമാണെന്ന് തോന്നുന്ന രീതിയിലാണ് ചിത്രങ്ങള്‍ തയാറാക്കിയത്. അടുത്തിടെ, സിനിമയുടെ പൂജയ്ക്കായി ഞാന്‍ ധരിച്ചിരുന്ന വസ്ത്രം മറ്റൊരു കോണില്‍നിന്ന് അശ്ലീലരീതിയിലേക്കു മാറ്റി പ്രചരിപ്പിക്കുകയായിരുന്നു. ഒരു നിമിഷം ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയി... ഇതെന്നെ പ്രകോപിപ്പിച്ചു. തീര്‍ച്ചയായും വേദനാജനകമാണ്...'

കീർത്തി സുരേഷ്

കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നടിമാരെ അടുത്തിടെ 'എഐ റാക്കറ്റ്' ലക്ഷ്യമിട്ടിരുന്നു. 2023 നവംബറില്‍, എഐ ഉപയോഗിച്ച് സൃഷ്ടിച്ച രശ്മിക മന്ദാനയുടെ ആശ്ലീലം നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'വളരെ ഭയപ്പെടുത്തുന്നത്' എന്നാണ് താരം അന്ന് വീഡിയോയെ വിശേഷിപ്പിച്ചത്. രശ്മിക പിന്നീട് നിയമനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു.