ഡിജിറ്റല്‍ രംഗത്തു തരംഗമായി മാറിയ 'കരിക്കി'ന്റെ പ്രഥമ ചിത്രത്തിനു തുടക്കമായി. വ്യാഴാഴ്ച മൂന്നാറില്‍ നടന്ന ലളിതമായ പൂജാ ചടങ്ങുകള്‍ക്കു ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കരിക്കിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. കരിക്ക് സ്ഥാപകനായ നിഖില്‍ പ്രസാദ് ആണു ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
കരിക്ക് സ്റ്റുഡിയോസും ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സും സംയുക്തമായാണു ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച പ്രോജക്ട്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് കരിക്ക് ടീം മെയിന്‍സ്ട്രീം സിനിമയിലേക്കുള്ള ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഒരുങ്ങുന്നത്.
2018-ല്‍ പ്രവര്‍ത്തനമാരംഭിച്ച കരിക്ക്, ചുരുങ്ങിയ കാലം കൊണ്ടു മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലൈന്‍ കണ്ടന്റ് പ്ലാറ്റ്ഫോമായി മാറിയിരുന്നു. 'തേരാ പാരാ' ഉള്‍പ്പെടെയുള്ള വെബ് സീരീസുകളിലൂടെയും കോമഡി സ്‌കെച്ചുകളിലൂടെയും വലിയൊരു ആരാധകവൃന്ദത്തെ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ആനന്ദ് മാത്യൂസ്, അനു കെ. അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജിന്‍, ഉണ്ണി മാത്യൂസ് തുടങ്ങി കരിക്കിലെ പരിചിത മുഖങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ പേരോ പ്രമേയമോ സാങ്കേതിക പ്രവര്‍ത്തകരുടെ വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.