ലണ്ടനിലെ പുല്‍മൈതാനങ്ങളില്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ മുറുകുമ്പോള്‍, ക്യാമറക്കണ്ണുകള്‍ മുഴുവന്‍ ഒപ്പിയെടുത്തത് ഗാലറിയിലെ ദക്ഷിണേന്ത്യയുടെ പ്രിയ താരസുന്ദരിമാരെയാണ്. മലയാളികളുടെ പ്രിയനടി കല്യാണി പ്രിയദര്‍ശനും തെന്നിന്ത്യയുടെ ഹരമായ ശ്രീലീലയും വിംബിൾഡണിലെത്തിയപ്പോള്‍ അതൊരു റെഡ്കാർപ്പറ്റ് വേദിപോലെയായി.
വിംബിള്‍ഡണിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ പോലും ഇരുവരുടെയും സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവെച്ചുകൊണ്ട് ദക്ഷിണേന്ത്യന്‍ സാന്നിധ്യത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തി.
അതിമനോഹരവും എലഗന്റുമായ കോസ്റ്റ്യൂമില്‍ ടെന്നീസ് കോര്‍ട്ടിലെ ഓരോ സെര്‍വും ആസ്വദിക്കുന്ന കല്യാണി പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലാണ്. വിംബിള്‍ഡണിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ കല്യാണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് 'കല്യാണി പ്രിയദര്‍ശന്‍, നിങ്ങളെ വിംബിള്‍ഡണില്‍ അതിഥിയായി ലഭിച്ചതില്‍ വലിയ സന്തോഷം' എന്നാണ്.
'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര' എന്ന ചിത്രത്തിലെ 'ചന്ദ്ര' എന്ന സൂപ്പര്‍ഹീറോ വേഷത്തിലൂടെ സിനിമാപ്രേമികളുടെ മനംകവര്‍ന്ന കല്യാണി, കാര്‍ത്തി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മാര്‍ഷല്‍', ജയം രവിയുടെ 'ജീനി' എന്നീ തമിഴ് പ്രോജക്ടുകളുടെ തിരക്കുകളിലാണ്.
കല്യാണിക്കൊപ്പം ഗാലറിയില്‍ ഫാഷന്‍ ഇന്‍സ്പിരേഷനായി തിളങ്ങിയത് യുവതാരം ശ്രീലീലയായിരുന്നു. കളിയുടെ ഉദ്വേഗജനകമായ നിമിഷങ്ങളെ അതീവ ശ്രദ്ധയോടെ പിന്‍തുടരുന്ന ശ്രീലീലയുടെ ചിത്രങ്ങളും വിംബിള്‍ഡണ്‍ അധികൃതര്‍ പുറത്തുവിട്ടു.
ശിവകാര്‍ത്തികേയന്‍-സുധ കൊങ്ങര കൂട്ടുകെട്ടിന്റെ 'പരാശക്തി' എന്ന പിരീഡ് ഡ്രാമയിലൂടെ ഈ വര്‍ഷം തമിഴകത്ത് വന്‍ തുടക്കം കുറിച്ച ശ്രീലീല, ധനുഷിന്റെ 55-ാമത് ചിത്രമായ 'ഓം ചാപ്റ്റര്‍ 1: ഉധിര'ത്തിലും പവന്‍ കല്യാണിന്റെ മാസ് ചിത്രം 'ഉസ്താദ് ഭഗത് സിങ്ങി'ലും നായികയായി തിളങ്ങാന്‍ ഒരുങ്ങുകയാണ്.
തുടര്‍ച്ചയായ ഷൂട്ടിങ് ഷെഡ്യൂളുകളില്‍നിന്ന് താത്കാലികമായി ഇടവേളയെടുത്ത് ലണ്ടനില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് ഈ രണ്ട് താരങ്ങളും. വിംബിള്‍ഡണ്‍ ഗാലറിയിലെ ഇവരുടെ ഈ ഫാഷനബിള്‍ എന്‍ട്രി കളി കണ്ട് മടങ്ങിയ ആരാധകര്‍ക്ക് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ സിനിമാ-ഫാഷന്‍ പ്രേമികള്‍ക്കും ഇപ്പോള്‍ വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ്.