'ജെഎസ്കെ' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

പോരാട്ടം ഇനി 'ജാനകി.വി' യും കേരളസ്റ്റേറ്റും തമ്മിൽ; 'ജെഎസ്കെ' വിവാദത്തിന് ക്ലൈമാക്സ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

പേരുമാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചതോടെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ)യുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം അകലുന്നു. 'ജാനകി' എന്നത് 'ജാനകി.വി' എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ അറിയിച്ചത്. ഇതോടെ ചിത്രത്തിന്റെ പേര് 'ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നാകും. കോടതി വിചാരണയുടെ രം​ഗങ്ങളിൽ 'ജാനകി' എന്നുപറയുന്നത് നീക്കം ചെയ്യുകയോ മ്യൂട്ട് ചെയ്യുകയേ വേണമെന്ന സെൻസർബോർഡ് നിർദേശവും നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് അം​ഗീകരിച്ചിട്ടുണ്ട്.

പേരിൽ ഉൾപ്പെടെ മാറ്റം വരുത്തി റീ-എഡിറ്റ് ചെയ്ത പ്രിന്റ് സെൻസർബോർഡ് വീണ്ടും കാണും. പുതിയ പ്രിന്റ് ലഭിച്ച് മൂന്നുദിവസത്തിനുള്ളിൽ സെൻസർ സർട്ടിഫിക്കറ്റ് നല്കണമെന്ന് നിർമാതാക്കളുടെ ഹർജി പരി​ഗണിച്ച ജസ്റ്റിസ് എൻ.ന​ഗരേഷ് നിർദേശിച്ചു.

ലൈം​ഗികാതിക്രമത്തിന് ഇരയാകുന്ന പെൺകുട്ടിയാണ് ജെഎസ്കെയിലെ നായിക. ഈ കഥാപാത്രത്തിന് 'ജാനകി' എന്ന പേരുനല്കുന്നത് മതസ്പർധയുണ്ടാക്കും എന്നു പറഞ്ഞാ‍ണ് സെൻസർബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ജൂൺ 27ന് ആയിരുന്നു ജെഎസ്കെ റിലീസ് നിശ്ചയിച്ചിരുന്നത്.

തുടർന്ന് നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷ് കഴിഞ്ഞ ശനിയാഴ്ച സിനിമ കണ്ടു. ബുധനാഴ്ച നടന്ന തുടർവാദത്തിൽ മൂന്നുതവണയായാണ് കോടതി കേസ് പരി​ഗണിച്ചത്. 'ജാനകി' എന്ന പേര് പൂർണമായും മാറ്റണമെന്ന ആവശ്യം മയപ്പെടുത്തിയ സെൻസർ ബോർഡ് സബ് ടൈറ്റിലിൽ 'വി.ജാനകി'യെന്നോ 'ജാനകി വി.'എന്നോ മാറ്റണമെന്നാണ് ബുധനാഴ്ച രാവിലെ കോടതിയിൽ വ്യക്തമാക്കിയത്. കഥാപാത്രത്തിന്റെ മുഴുവൻ പേര് 'ജാനകി വിദ്യാധരൻ' എന്നാണെന്നത് കണക്കിലെടുത്തണ് ഇനിഷ്യൽ ചേർക്കാൻ നിർദേശിച്ചത്. ഇതോടൊപ്പം 'ജാനകി' എന്ന് കോടതി രം​ഗങ്ങളിൽ പറയുന്നത് മ്യൂട്ട് ചെയ്യണമെന്ന ആവശ്യവും സെൻസർബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഢ് ഉന്നയിച്ചു.

പേരുമാറ്റാനാകില്ലെന്നും കോടതിരം​ഗങ്ങളിൽ ഭേ​ദ​ഗതിയാകാമെന്നും ഉച്ചയോടെ നിർമാതാക്കൾ കോടതിയെ അറിയിച്ചു. പക്ഷേ സെൻസർബോർഡ് വഴങ്ങിയില്ല. 'ജാനകിയെന്ന പേരിന് മതപരമായ ബന്ധമില്ല' എന്ന് എഴുതിക്കാണിച്ചാൽ മതിയാകുമോ എന്ന കോടതിയുടെ നിർദേശം വന്നതോടെ നിർമാതാക്കളുടെ മറുപടിക്കായി കേസ് വീണ്ടും മാറ്റി. തുടർന്ന് മൂന്നാമതും പരി​ഗണിച്ചപ്പോഴാണ് പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ അറിയിച്ചത്. ടീസറുകൾക്കും പോസ്റ്ററുകൾക്കും ഇതുപ്രശ്നമാകരുതെന്ന അവരുടെ ആവശ്യം കേസ് ബുധനാഴ്ച കേസ് പരി​ഗണിക്കുമ്പോൾ പരിശോധിക്കാമെന്നും കോടതി അറിയിച്ചു.