'കാട്ടാളൻ' ട്രെയിലറിൽ ജ​ഗദീഷ്,പോസ്റ്ററിൽ പെപ്പെ സ്ക്രീൻ​ഗ്രാബ്,അറേഞ്ച്ഡ്
Malayalam

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും പഞ്ചുള്ള ഇടി പെപ്പെയുടേത്: പ്രശംസയുമായി ജഗദീഷ്

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ യങ് ആക്ഷന്‍ സ്റ്റാര്‍ ആന്റണി വര്‍ഗീസ് പെപ്പെയെയും താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ 'കാട്ടാള'നെയും പ്രശംസകൊണ്ടുമൂടി നടന്‍ ജഗദീഷ്. സിനിമയുടെ റിലീസിന് ശേഷം പെപ്പെയുടെ സ്റ്റാര്‍ഡം ഇനിയുമുയരുമെന്നും, മലയാളത്തിന്റെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനു ശേഷം സ്‌ക്രീനില്‍ ഏറ്റവും 'പഞ്ചുള്ള' ഇടി പെപ്പെയുടേതാണെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

'ഒരുപാട് റിസ്‌ക്കുള്ള ഷോട്ടുകളാണ് കാട്ടാളനില്‍ പെപ്പെ ചെയ്തിരിക്കുന്നത്. പെപ്പെയുടെ ഇടിക്ക് ഒരു 15 കിലോ തൂക്കമുണ്ടെന്ന് തോന്നും. മോഹന്‍ലാല്‍ ഇടിക്കുമ്പോള്‍ ആ പഞ്ചിന് ഒരു പ്രത്യേക വെയ്റ്റ് നമുക്ക് അനുഭവപ്പെടാറില്ലേ, അത് കഴിഞ്ഞാല്‍ പുതുതലമുറയില്‍ പെപ്പെയുടെ ഇടിക്കാണ് അത്രയും പഞ്ചുള്ളത്. ഈ സിനിമയ്ക്ക് ശേഷം പെപ്പെയുടെ സ്റ്റാര്‍ഡം ഇനിയും കൂടും'-ജഗദീഷ് പറഞ്ഞു.

'കാട്ടാളൻ' ട്രെയിലറിൽ പെപ്പെ

മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'മാര്‍ക്കോ'യ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കാട്ടാളന്‍'. പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രം മെയ് 28-ന് ആണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

'കാട്ടാളൻ' ട്രെയിലറിൽ പെപ്പെ

പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കാട്ടാളന്‍ ഇടംപിടിച്ചിരിക്കുന്നത്. ആദ്യദിനം ചിത്രം വമ്പന്‍ ഓപ്പണിങ് സ്വന്തമാക്കുമെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകൂട്ടലുകള്‍.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, തുടങ്ങിയവരും മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.