ഇന്ദ്രൻസ് ഫോട്ടോ- ഹരിതിരുമല
Malayalam

ഇന്ദ്രന്‍സ് ജീവിതം തുറന്നുപറയുമ്പോള്‍ പുതുതലമുറയ്ക്ക് പഠിക്കാനുള്ളത്...

പപ്പപ്പ ഡസ്‌ക്‌

ശരീരപ്രകൃതിയെക്കുറിച്ചുള്ള പരിഹാസങ്ങള്‍ കരുത്താക്കി മാറ്റിയ കഥയാണ് മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സിന്റേത്. തുന്നല്‍ക്കാരനില്‍നിന്ന് മലയാള സിനിമയുടെ അഭിമാനമായി മാറിയ അദ്ദേഹത്തിന്റെ യാത്ര, മോഹങ്ങളെയും അതിജീവനത്തെയും കുറിച്ചുള്ളതാണ്.

'കറുപ്പ്' എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഈ കലാകാരന്‍ പിന്നിട്ട നീണ്ട വഴികളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. പഴയകാലത്തെ ബോഡി ഷെയിമിങ്ങുകളെയും ചെറിയ തമാശ വേഷങ്ങളെയും മറികടന്ന് ഇന്ദ്രന്‍സ് ഇന്ന് ഗൗരവമുള്ള നായകവേഷങ്ങളിലൂടെ വിസ്മയിപ്പിക്കുകയാണ്.

ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ഇന്ദ്രന്‍സിനുള്ള കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. തന്റെ തലമുറയിലുള്ളവര്‍ ഇത്തരം പരിഹാസങ്ങളില്‍ പെട്ടെന്ന് തളര്‍ന്നുപോകുന്നവരല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമില്ലാത്തപ്പോഴാണ് പരിഹാസങ്ങള്‍ വിഷമിപ്പിക്കുന്നത്. തനിക്കു ലഭിച്ച രൂപം പലപ്പോഴും സിനിമകളില്‍ തിരിച്ചറിയപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നും ആ ചിരികളാണ് തന്റെ രൂപം തന്റെ വലിയ കരുത്താണെന്ന് പഠിപ്പിച്ചതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്ദ്രൻസ്

'മാന്നാര്‍ മത്തായി സ്പീക്കിങ്ങി'ലെ പൊന്നപ്പനും 'സ്ഫടിക'ത്തിലെ ഗഫൂറും 'ഹോമി'ലെ ഒലിവര്‍ ട്വിസ്റ്റും 'ആട്' സീരീസിലെ പി.പി. ശശിയും വരെ നീളുന്ന എത്രയോ കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സ് എന്ന നടന്റെ അടയാളങ്ങളാണ്. നായകന്‍ എന്ന ലേബലിലോ വലിയ സിനിമകളുടെ ഭാഗമാകുന്നതിലോ അല്ല, മറിച്ച് തന്റെ കഥാപാത്രം എത്രത്തോളം നിലവാരമുള്ളതാണ് എന്നതിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് കറുപ്പിലൂടെ അദ്ദേഹം തമിഴിലേക്ക് വീണ്ടും എത്തുന്നത്.

ദേശീയചലച്ചിത്ര പുരസ്കാരങ്ങളിലെ സ്പെഷൽ ജൂറി അവാർഡ് ഇന്ദ്രൻസ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സ്വീകരിക്കുന്നു

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ് എന്ന സാധാരണക്കാരന്റെ മാറ്റമില്ലാത്ത ശീലമാണ് ട്രെയിന്‍ യാത്രകള്‍. ഇന്നും ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ യാത്ര ചെയ്യാന്‍ മടിയില്ലാത്ത താരം ആളുകള്‍ക്കിടയില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. പഴയകാലത്ത് പലരും തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ഇന്ന് ആളുകള്‍ സെല്‍ഫിക്കായി എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.

സ്റ്റേഷനുകളില്‍ തൊപ്പി കൊണ്ട് മുഖം മറച്ചു നടക്കുമെങ്കിലും ട്രെയിനില്‍ കയറിക്കഴിഞ്ഞാല്‍ സഹയാത്രികര്‍ തന്നെ തിരിച്ചറിയുന്നതിലും സ്‌നേഹം പങ്കുവയ്ക്കുന്നതിലും അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. കോവിഡിനു ശേഷമുള്ള മലയാള സിനിമയുടെ വളര്‍ച്ച തന്നെപ്പോലെയുള്ള നടന്മാര്‍ക്ക് വലിയ അംഗീകാരം നല്‍കിയതായും അദ്ദേഹം കരുതുന്നു.

'ആട്' എന്ന ചിത്രത്തിൽ പി.പി.ശശി എന്ന കഥാപാത്രമായി ഇന്ദ്രൻസ്

സൂര്യയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷവും ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നുണ്ട്. സെറ്റിലെ വലിയ താരങ്ങളില്‍നിന്നും ബഹുമാനത്തോടെ മാറിനില്‍ക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ സൂര്യയെപ്പോലെയുള്ള വലിയ താരങ്ങള്‍ നേരിട്ടുവന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നത് അഭിനയജീവിതത്തിലെ വലിയ കാര്യമായാണ് അദ്ദേഹം കാണുന്നത്.

അതേസമയം, 'ആട്' സിനിമയിലെ രാഷ്ട്രീയ പരിഹാസങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിയപ്പോള്‍ രാഷ്ട്രീയക്കാര്‍ എങ്ങനെ പ്രതികരിക്കും എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ എം.എം. മണിയെപ്പോലെയുള്ള നേതാക്കള്‍ നേരിട്ടുകണ്ട് അഭിനന്ദിച്ചപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഇത്തരം കാര്യങ്ങളെ എത്രത്തോളം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് കാണുന്നതെന്ന് തനിക്ക് ബോധ്യമായെന്നും ഇന്ദ്രന്‍സ് ചിരിയോടെ ഓര്‍ക്കുന്നു.

ഇന്ദ്രൻസിന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈയു'ടെ പോസ്റ്റർ

ഇന്ദ്രജിത്തിനൊപ്പമുള്ള കാലന്റെ തങ്കക്കുടം, പൃഥ്വിരാജിനൊപ്പമുള്ള ഖലീഫ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍. ദേശീയ പുരസ്‌കാരങ്ങളും പ്രശസ്തിയും തേടിയെത്തുമ്പോഴും ലാളിത്യവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് ഇന്ദ്രന്‍സ് എന്ന നടനെ വേറിട്ടുനിര്‍ത്തുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പേരുപോലെ 'ചിന്ന ചിന്ന ആശകളിലൂടെ' അദ്ദേഹം തന്റെ ചലച്ചിത്രയാത്ര തുടരുന്നു.